മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവും ഏഴ് തവണ എം.എല്‍.എയുമായ ജെ.പി ഗാവിറ്റിനെ വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലിറക്കി സി.പി.ഐ.എം. കാല്‍വന്‍ സീറ്റില്‍ നിന്നാണ് ഗാവിറ്റ് മത്സരിക്കുക.
നാല് സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് സി.പി.ഐ.എം പ്രഖ്യാപിച്ചത്. ഗാവിറ്റിനെ കൂടാതെ നരസയ്യ ആദം, ഡോ. ഡി.എല്‍ കാരാഡ്, വിനോദ് നിക്കോള്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
അഖിലേന്ത്യ കിസാന്‍ സഭ 2018ല്‍ നാസിക്കില്‍ നിന്ന് മുംബൈയിലേക്ക് നടത്തിയ ആദിവാസികളുടെയും കര്‍ഷകരുടെയും ലോംഗ് മാര്‍ച്ചിന്റെ പ്രധാന സംഘാടകരിലൊരാളായിരുന്നു ജെ.പി ഗാവിറ്റ്. 2019ലും സമാനമായ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
സംസ്ഥാനത്തെ മുതിര്‍ന്ന എം.എല്‍.എമാരിലൊരാളാണ് ഗാവിറ്റ്. 2014ല്‍ പ്രോ ടെം സ്പീക്കറായിരുന്നു. നാസിക്, താനെ, പാല്‍ഘര്‍ ജില്ലകളില്‍ സ്വാധീനമുള്ള നേതാവാണ് ഗാവിറ്റ്. 29 വയസ്സുള്ളപ്പോളാണ് അദ്ദേഹം ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.
ആദം മാസ്റ്റര്‍ എന്നറിയപ്പെടുന്ന നരസയ്യ പ്രമുഖനായ തൊഴിലാളി നേതാവാണ്. ബീഡി തൊഴിലാളികളുടെ ഇടയിലാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് എന്‍.സി.പി -കോണ്‍ഗ്രസ്, പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വി.ബി.എ എന്നിവയുമായി സഖ്യമില്ല എന്ന കാര്യം വ്യക്തമാക്കുകയാണ് സി.പി.ഐ.എം ചെയ്തിട്ടുള്ളത്.