മുംബൈ: കാര്‍ഷിക വിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുകയാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍. വിളകള്‍ക്ക് ക്രമാതീതമായി വില ഇടിഞ്ഞതിനെ തുടര്‍ന്ന് വലിയ പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നത്. ഉള്ളിയുടെ വിലയിടിവാണ് ഇതില്‍ ഏറ്റവും കൂടുതല്‍ കൃഷിക്കാരെ ബാധിക്കുന്നത്.
കഴിഞ്ഞ ദിവസം 512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ചെലവ് കഴിച്ച് കിട്ടിയത് 2 രൂപയാണ്. അതും ചെക്കായാണ് നല്‍കിയത്. ചെക്ക് മാറി പണം കിട്ടാന്‍ ഇനിയും 15 നാള്‍ കഴിയണം. സോലാപൂര്‍ ജില്ലയിലെ ബോര്‍ഗോണ്‍ സ്വദേശിയായ രാജേന്ദ്ര തൂക്കാറാമാണ് ഹതഭാഗ്യനായ കര്‍ഷകന്‍.
സ്വന്തം ഭൂമിയില്‍ വിളവെടുത്ത 512 കിലോ ഉള്ളി 70 കിലോമീറ്റര്‍ ദൂരം വാഹനത്തില്‍ കൊണ്ട് പോയി അടുത്തുള്ള മാര്‍ക്കറ്റിലാണ് വില്‍ക്കാനെത്തിച്ചത്. കാര്‍ഷിക വിള മാര്‍ക്കറ്റ് കമ്മിറ്റി (എ.പി.എം.സി) യിലാണ് ഉള്ളി വിറ്റത്.
കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ സംഘം ഉള്ളി വാങ്ങി. അതില്‍ നിന്നും തൂക്കക്കൂലി, കയറ്റിറക്ക് കൂലി എന്നയിനത്തില്‍ 509.50 രൂപ എ.പി.എം.സി കൈക്കലാക്കി. അവശേഷിക്കുന്ന 2.50 രൂപയില്‍ രണ്ട് രൂപ റൗണ്ടാക്കി ചെക്കില്‍ എഴുതി രാജേന്ദ്രന് നല്‍കി.
കഴിഞ്ഞ വര്‍ഷം 18 രൂപ നിരക്കില്‍ ഉള്ളി വിറ്റിടത്താണ് ഇത്തവണ 1 രൂപ നിരക്കില്‍ വില്‍ക്കേണ്ടി വന്നത്. മൂന്ന് നാല് വര്‍ഷത്തിനുള്ളില്‍ വളത്തിന്റെയും കീടനാശിനിയുടെയും വില കൂടിയെന്നും, ഇത്തവണ കൃഷിക്കായി 40000 ത്തോളം രൂപ തനിക്ക് ചെലവായെന്നും രാജേന്ദ്രന്‍ പറഞ്ഞു.
എന്നാല്‍ ഉളളിയുടെ ഗുണമേന്മ കുറഞ്ഞതാണ് വില കുറയാന്‍ കാരണമെന്ന് എ.പി.എം.സിയിലെ വ്യാപാരിയായ നസീര്‍ ഖലീഫ പറഞ്ഞു. കഴിഞ്ഞ തവണ രാജേന്ദ്രന്റെ ഉള്ളി 18 രൂപക്ക് എടുത്തിരുന്നെന്നും, ഇത്തവണ വിളക്ക് ഗുണമേന്മയില്ലായിരുന്നു വെന്നും അദ്ദേഹം പറഞ്ഞു.
എത്ര ചെറിയ തുകയാണെങ്കിലും ചെക്ക് എഴുതി കൊടുക്കലാണ് ഇവിടുത്തെ രീതിയെന്നും, ഇതിലും ചെറിയ തുകക്ക് ചെക്ക് കൊടുത്തിട്ടുണ്ടെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.
കാര്‍ഷിക വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തത് രാജേന്ദ്രേനെ പോലെ നിരവധി കര്‍ഷകരെയും വലിയ പ്രതിസന്ധിയിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ചെലവ് വരുന്ന തുകയുടെ 25 ശതമാനം പോലും കര്‍ഷകര്‍ക്ക് മാര്‍ക്കറ്റില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് പരാതിയുയരുന്നത്.
മഹാരാഷ്ട്ര സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ മാര്‍ക്കറ്റില്‍ വേണമെന്നാണ് ആവശ്യമുയരുന്നത്.