| Thursday, 26th March 2020, 10:34 pm

'വേണ്ടി വന്നാല്‍ സൈന്യത്തെ ഇറക്കും, അതിലേക്ക് കൊണ്ടെത്തിക്കരുത്'; പറഞ്ഞാല്‍ കേള്‍ക്കാത്തവരെ ശകാരിച്ച് അജിത് പവാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നതില്‍ ക്ഷോഭിച്ച് ഉപമുഖ്യമന്ത്രി അജിത് പവാര്‍. ജനം ഇത്തരത്തില്‍ നിയന്ത്രണങ്ങള്‍ പാലിക്കാതിരിക്കുകയാണെങ്കില്‍ സംസ്ഥാനത്ത് സൈന്യത്തെ വിന്യസിപ്പിക്കാനും മടിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അദ്ദേഹം.

‘യു.എസ്.എയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ അവര്‍ ജനത്തെ നിയന്ത്രിക്കാന്‍ യു.എസ് സൈന്യത്തിന്റെ സഹായം തേടുകയാണ് ചെയ്തത്. അത് ഇവിടെയും ആവര്‍ത്തിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കരുത്. ഇത് നിങ്ങളുടെ ഓരോരുത്തരുടെയും ഉത്തരവാദിത്തമാണ്’, അജിത് പവാര്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ ജനങ്ങള്‍ പൊലീസിനെ ആക്രമിക്കുന്ന തരത്തിലുള്ള കാര്യങ്ങളിലേക്ക് കടന്നത് ശ്രദ്ധയില്‍പെട്ടതിന് പിന്നാലെയാണ് അജിത് പവാര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ നിരവധി അനിഷ്ട സംഭവങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പൊലീസുകാരെയും ഡോക്ടര്‍മാരെയും ആക്രമിച്ച സംഭവങ്ങള്‍ ഇന്നുണ്ടായി.

കര്‍ഫ്യൂവും ലോക്ക്ഡൗണും പ്രഖ്യാപിച്ച പശ്ചാത്തലത്തിലും ജനങ്ങള്‍ നിര്‍ബാധം ഇറങ്ങിനടക്കുകയും കൂട്ടംകൂടുകയും ചെയ്യുന്നത് ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്ന് പ്രതിവിധികള്‍ ആലോചിച്ച് മന്ത്രിസഭായോഗം ചേര്‍ന്നിരുന്നു. ഇതിന് ശേഷമാണ് വേണ്ടിവന്നാല്‍ സൈന്യത്തെ ഇറക്കുമെന്ന് അജിത് പവാര്‍ പറഞ്ഞത്.

കൊവിഡിനെ പ്രതിരോധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏതെങ്കിലും ആരോഗ്യ പ്രവര്‍ത്തകരേയോ സന്നദ്ധ പ്രവര്‍ത്തകരെയോ ബുദ്ധമുട്ടിക്കുന്ന രീതിയില്‍ ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ഉടന്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more