'യു-ടേണില്‍ വെച്ച് ഓടിപ്പോകുന്ന ആളല്ല ഞാന്‍'; സമ്മര്‍ദത്തിന് വഴങ്ങി സ്ഥാനമൊഴിയുന്നില്ലെന്ന് ഫഡ്നാവിസ്
national news
'യു-ടേണില്‍ വെച്ച് ഓടിപ്പോകുന്ന ആളല്ല ഞാന്‍'; സമ്മര്‍ദത്തിന് വഴങ്ങി സ്ഥാനമൊഴിയുന്നില്ലെന്ന് ഫഡ്നാവിസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th June 2024, 10:32 pm

മുംബൈ: കേന്ദ്ര നേതൃത്വത്തിന്റെ സമ്മര്‍ദത്തിന് വഴങ്ങി രാജി വെക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. യു-ടേണില്‍ വെച്ച് ഓടിപ്പോകുന്ന ആളല്ല താന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ഫഡ്നാവിസ് അന്തിമ തീരുമാനം അറിയിച്ചത്.

ശനിയാഴ്ച നടന്ന പാര്‍ട്ടി യോഗത്തില്‍ സംസ്ഥാന ബി.ജെ.പി നിയമസഭാംഗങ്ങള്‍ ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ വിശ്വാസം പ്രകടിപ്പിക്കുകയും പാര്‍ട്ടി നേതാവായി തുടരാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രമേയം പാസാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഫഡ്‌നാവിസിന്റെ പ്രഖ്യാപനം.

തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയും നിരാശയുമല്ല രാജിക്ക് പ്രേരിപ്പിച്ചത്. തിരിച്ചടിക്കാന്‍ തന്നെയാണ് തീരുമാനം. ഛത്രപതി ശിവജി അതാണ് നമ്മെ പഠിപ്പിച്ചിരിക്കുന്നെതെന്നുമാണ് ഫഡ്നാവിസ് പറഞ്ഞത്.

ദല്‍ഹിയില്‍ അമിത് ഷായുമായി നടന്ന കൂടിക്കാഴ്ച തന്നെ ഈ സ്ഥാനത്ത് തുടരാന്‍ പ്രേരിപ്പിച്ചു. അടുത്ത തെരഞ്ഞെടുപ്പിനായുള്ള തന്ത്രങ്ങള്‍ മെനയാന്‍ താന്‍ തുടക്കം കുറിച്ചുവെന്നും ഫഡ്നാവിസ് പറഞ്ഞു. എന്‍.ഡി.എ സഖ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേര്‍ത്തു.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ മഹാരാഷ്ട്രയിലെ പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെക്കാനൊരുങ്ങിയ ഫഡ്‌നാവിസിന്റെ രാജി കേന്ദ്രം തള്ളിയിരുന്നു. രാജി വെക്കുന്നത് അണികളുടെ ആത്മവീര്യം കെടുത്തുമെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഫഡ്‌നാവിസിന്റെ രാജി കേന്ദ്രം തള്ളിയത്.

കഴിഞ്ഞ ദിവസം ബി.ജെ.പിയിലെ ചേരിപ്പോര് കാരണമാണ് ഫഡ്നാവിസ് രാജിക്കൊരുങ്ങിയതെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മാത്രമല്ല സഖ്യകക്ഷികളായ ഏക്‌നാഥ് ഷിന്‍ഡെയും അജിത് പവാറും കാര്യങ്ങള്‍ തീരുമാനിക്കുന്നത് അമിത് ഷായുമായി നേരിട്ടാണെന്നതും ഫഡ്‌നാവിസിനെ അസ്വസ്ഥനാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് തോല്‍വി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഷിന്‍ഡെ പക്ഷത്ത് നിന്ന് ആറ് എം.എല്‍.എമാര്‍ ഉദ്ധവ് പക്ഷത്തേക്ക് തിരികെ പോകുമെന്നും അജിത് പക്ഷത്തില്‍ നിന്ന് 15ല്‍ അധികം പേര്‍ ശരത് പവാര്‍ പക്ഷത്തേക്ക് തിരികെ പോകുമെന്നുമുള്ള വാര്‍ത്തകള്‍ മഹാരാഷ്ട്ര സര്‍ക്കാരിനെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ്.

Content Highlight: Maharashtra Deputy Chief Minister Devendra Fadnavis withdraws from resignation under pressure