| Friday, 13th November 2020, 10:32 am

'അശ്ലീല വീഡിയോ യുവാക്കളെ വഴിതെറ്റിക്കും'; ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര പൊലീസ്‌

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: അശ്ലീല വീഡിയോകള്‍ സംപ്രേക്ഷണം ചെയ്‌തെന്നാരോപിച്ച് പ്രമുഖ നിര്‍മ്മാതാവ് ഏക്താ കപൂറിന്റെ ആള്‍ട്ട് ബാലാജി ഉള്‍പ്പെടെ വിവിധ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ കേസെടുത്ത് മഹാരാഷ്ട്ര സൈബര്‍ പൊലീസ്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളായ എ.എല്‍.ടി ബാലാജി, ഹോട്ട്‌ഷോട്ട്, ഫ്‌ലിസ്മൂവീസ്, ഫെനിയോ, കുക്കു, നിയോഫ്‌ലിക്‌സ്, ഉല്ലു, ഹോട്ട്മാസ്റ്റി, ചിക്കൂഫ്‌ലിക്‌സ്, പ്രൈംഫ്‌ലിക്‌സ്, വെറ്റ്ഫ്‌ലിക്‌സ്, പോര്‍ട്ടലുകളായ എക്‌സ്വിഡിയോസ്, പോണ്‍ഹബ് എന്നിവക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.

‘ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലും വെബ്സൈറ്റുകളിലും അപ്ലോഡുചെയ്ത വീഡിയോകള്‍ അശ്ലീലമാണ്, വീഡിയോകളില്‍ ചിത്രീകരിച്ചിരിക്കുന്ന നടിമാരെ ചൂഷണം ചെയ്യുകയോ ആകര്‍ഷിക്കുകയോ അശ്ലീല പ്രവര്‍ത്തികള്‍ ചെയ്യാന്‍ നിര്‍ബന്ധിക്കുകയോ ചെയ്തിരിക്കാം. ഞങ്ങള്‍ നടിമാരെ ‘ഇരകളായി’ പരിഗണിക്കും, അവര്‍ കുറ്റാരോപിതരല്ല’ മഹാരാഷ്ട്ര സൈബര്‍ ഡിപ്പാര്‍ട്ട്മെന്റ് സ്പെഷ്യല്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ യശസ്വി യാദവ് പറഞ്ഞു. യുവാക്കളില്‍ വിനാശകരമായ പ്രത്യാഘാതം ഉണ്ടാക്കാന്‍ ഉതകുന്നതാണ് ഈ വീഡിയോകളെന്നും സ്ത്രീകളുടെ അന്തസിനെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെയും വെബ്സൈറ്റുകളുടെയും ഡയറക്ടര്‍മാര്‍ക്കും ഉടമകള്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

അതേസമയം, ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളെയും ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലാക്കിക്കൊണ്ടുള്ള ഉത്തരവ് ഡിസംബര്‍ ഒന്‍പതിന് സര്‍ക്കാര്‍ പുറപ്പെടുവിച്ചിരുന്നു.

നെറ്റ്ഫ്ളിക്സ്, ആമസോണ്‍ പ്രൈം തുടങ്ങിയ പോര്‍ട്ടലുകള്‍ക്കും ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം കൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ സിനിമകള്‍ക്കും പരിപാടികള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇത്തരം പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കുക, നിരീക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്. ഇക്കാര്യം സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിക്കും. നിലവില്‍, ഡിജിറ്റല്‍ കണ്ടന്റുകളെ നിയന്ത്രിക്കുന്ന നിയമമോ സര്‍ക്കാര്‍ സ്ഥാപനമോ ഇല്ല.

നിലവില്‍ അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും നിരീക്ഷിക്കുന്നതും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ്. ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനാണ് (എന്‍ബിഎ) ന്യൂസ് ചാനലുകളെ നിരീക്ഷിക്കുന്നത്. പരസ്യ ചിത്രങ്ങളെ അഡ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ് കൗണ്‍സില്‍ ഓഫ് ഇന്ത്യയാണ് നിയന്ത്രിക്കുന്നത്. സിനിമകളുടെ കാര്യത്തില്‍ ഇത് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ ആണ്.

ഒടിടി പ്ലാറ്റ്ഫോമുകളെ ഒരു പ്രത്യേക സമിതിയുടെ നിയന്ത്രിക്കുന്നതിനുള്ള അപേക്ഷയില്‍ കഴിഞ്ഞ മാസമായിരുന്നു സുപ്രീംകോടതി കേന്ദ്രത്തിന്റെ പ്രതികരണം തേടിയത്. കേന്ദ്രസര്‍ക്കാര്‍, കേന്ദ്ര വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം, ഇന്റര്‍നെറ്റ്, മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവയ്ക്ക് സുപ്രീം കോടതി നോട്ടീസ് നല്‍കുകയും ചെയ്തിരുന്നു.

നിലവില്‍ ഒ.ടി.ടി സ്ട്രീമിങ്, വ്യത്യസ്ത ഡിജിറ്റല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വഴി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യമില്ലാതെ തന്നെ ചലച്ചിത്ര നിര്‍മ്മാതാക്കള്‍ക്കും കലാകാരന്മാര്‍ക്കും അവരുടെ സിനിമകളും സീരീസുകളും പുറത്തിറക്കാന്‍ സാധിക്കും. എന്നാല്‍ ഇതില്‍ നിയന്ത്രണങ്ങള്‍ വേണമെന്നായിരുന്നു ആവശ്യം.

ഡിജിറ്റല്‍ മാധ്യമങ്ങളെ നിയന്ത്രിക്കേണ്ട ആവശ്യമുണ്ടെന്നും വിദ്വേഷ പ്രചരണങ്ങളെ നിയന്ത്രിക്കാനായി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കേണ്ടതുണ്ടെന്നും ഇതിനായി കോടതി ആദ്യം ഒരു പ്രത്യേക സംഘത്തെ നിയമിക്കണമെന്നും ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മാധ്യമ സ്വാതന്ത്ര്യത്തെ തടയുന്ന ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നായിരുന്നു കഴിഞ്ഞ വര്‍ഷം വാര്‍ത്താവിതരണ, പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Maharashtra Cyber department sends summons to owners of OTT platforms, websites accused of showing obscenity

We use cookies to give you the best possible experience. Learn more