മുംബൈ: 2014 ലെ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നാരോപിച്ച് മഹാരാഷ്ട്ര പ്രാദേശിക കോടതി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് സമന്‍സയച്ചു.
കേസില്‍ വാദം കേള്‍ക്കുന്നതിനായി ഡിസംബര്‍ നാലിന് കോടതിയില്‍ ഹാജരാകാന്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതി ഫഡ്നാവിസിനോട് ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രാദേശിക കോടതി സമന്‍സ് അയച്ചിരിക്കുന്നത്.
നാഗ്പൂര്‍ ആസ്ഥാനമായുള്ള അഭിഭാഷകന്‍ സതീഷ് യു.കെ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി പുതിയ വിചാരണയ്ക്ക് ഉത്തരവിട്ടത്.
2014 ലെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ രണ്ട് ക്രിമിനല്‍ കേസുകള്‍ ഫഡ്‌നാന്‍വിസ് പരാമര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ തെരഞ്ഞെടുപ്പ് അസാധുവാക്കണമെന്നും സതീഷ് ആവശ്യപ്പെട്ടിട്ടുണ്ട്.
ഫഡ്‌നാവിസിനെതിരെ 2015 ല്‍ സതീഷ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതില്‍ സമീപിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ അപേക്ഷ തള്ളുകയായിരുന്നു.
പിന്നീട് സെഷന്‍സ് കോടതിയില്‍ സതീഷ് കേസ് കൊടുക്കുകയും ഫഡ്‌നാവിസിനെതിരെ നടപടിയെടുക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. എന്നാല്‍ ഈ ഉത്തരവിനെതിരെ ഫഡ്‌നാവിസ് ഹൈക്കോടതിയെ സമീപിക്കുകയും സെഷന്‍സ് കോടതി ഉത്തരവ് റദ്ദു ചെയുകയും ചെയ്തു.
ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഫഡ്‌നാവിസിനെതിരായ കേസ് നടത്തണമെന്ന സതീഷിന്റെ ആവശ്യം ഒടുവില്‍ സുപ്രീംകോടതി ശരിവെക്കുകയാണുണ്ടായത്.
ഫഡ്‌നാന്‍വിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സതീഷ് ഗവര്‍ണക്കും അപേക്ഷ നല്‍കിയിട്ടുണ്ട്. തനിക്കു മുഖ്യമന്ത്രിയില്‍ നിന്നും ഭീഷണിയുണ്ടെന്നും സതീഷ് ആരോപിക്കുന്നുണ്ട്.