ന്യൂദല്‍ഹി: ബിഹാര്‍ മുന്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേയ്ക്ക് ജെ.ഡി.യുവില്‍ അംഗത്വം നല്‍കിയതിനെതിരെ മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം.
നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെത്തുടര്‍ന്ന് ഇദ്ദേഹം നടത്തിയ വിവാദപരാമര്‍ശങ്ങള്‍ കണക്കിലെടുത്ത് പ്രവേശനം നിഷേധിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
കേസന്വേഷണ സമയത്ത് മുംബൈ പൊലീസ് സേനയെ അവഹേളിക്കുന്ന തരത്തില്‍ പാണ്ഡേ ചില പ്രസ്താവനകള്‍ നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
‘ബി.ജെ.പി സഖ്യകക്ഷിയായ ജെ.ഡി.യു തന്നെ ഗുപ്‌തേശ്വര്‍ പാണ്ഡേയ്ക്ക് അംഗത്വം കൊടുക്കുന്നത് വളരെ വേദനാജനകമാണ്. മുംബൈ പൊലീസിനെ അവഹേളിച്ചയാളാണ് പാണ്ഡേ. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ബിഹാര്‍ ഘടകത്തിന്റെ ചുമതലയുള്ളയാളാണ് മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി കൂടിയായ ദേവേന്ദ്ര ഫട്‌നാവിസ്. അദ്ദേഹത്തിന്റെ നേതൃത്വം തന്നെ പാണ്ഡേയ്ക്ക് അംഗത്വം നല്‍കാന്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലായിരുന്നു- കോണ്‍ഗ്രസ് വക്താവ് സച്ചിന്‍ സാവന്ത് പറഞ്ഞു.
ഫട്‌നാവിസിന്റെ മൗനത്തെ മഹാരാഷ്ട്രയിലെ ജനങ്ങള്‍ ഉടന്‍ തന്നെ ചോദ്യം ചെയ്യുമെന്നും സച്ചിന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താന്‍ ജെ.ഡി.യുവില്‍ നിന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചതായി മുന്‍ ബിഹാര്‍ ഡി.ജി.പി ഗുപ്‌തേശ്വര്‍ പാണ്ഡേ അറിയിച്ചത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ചയായിരുന്നു പാണ്ഡേ രാജിവെച്ചത്. സുശാന്ത് സിംഗ് രജ്പുതിന്റെ കേസില്‍ വിവാദ പ്രസ്താവനകള്‍ നടത്തിയ ഇദ്ദേഹം നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് വേണ്ടിയാണ് ഗുപ്തേശ്വര്‍ രാജിവെച്ചിരിക്കുന്നതെന്നും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ആയിരിക്കും ഇദ്ദേഹം മത്സരിക്കുകയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നടന്‍ സുശാന്ത് സിംഗ് രജ്പുത് ആത്മഹത്യാ കേസില്‍ റിയ ചക്രബര്‍ത്തിക്കെതിരെ നടത്തിയ പ്രസ്താവനകളായിരുന്നു സമീപകാലത്ത് ഗുപ്‌തേശ്വര്‍ പാണ്ഡേക്കെതിരെ വിമര്‍ശനമുയര്‍ത്തിയത്. റിയ ചക്രബര്‍ത്തിക്ക് മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമര്‍ശിക്കാനുള്ള യോഗ്യതയില്ലെന്നായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേ പറഞ്ഞത്. പരാമര്‍ശത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നെങ്കിലും അദ്ദേഹം തന്റെ വാദം ആവര്‍ത്തിക്കുകയായിരുന്നു.
സുശാന്ത് സിംഗിന്റെ മരണം ബീഹാര്‍ സര്‍ക്കാര്‍ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് റിയ ചക്രബര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ടായിരുന്നു ഗുപ്‌തേശ്വര്‍ പാണ്ഡേയുടെ വിവാദ പ്രസ്താവന.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക