| Saturday, 11th November 2023, 4:33 pm

എ.ഐ ഡീപ്‌ഫേക്കുകള്‍ കൈകാര്യം ചെയ്യാന്‍ നിയമനടപടി സ്വീകരിക്കണം; മഹാരാഷ്ട്ര സര്‍ക്കാരിനോട് കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുബൈ: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സൃഷ്ടിക്കുന്ന ഡീപ്‌ഫേക്കുകള്‍ കൈകാര്യം ചെയ്യാന്‍ നിയമം കൊണ്ടുവരണമെന്ന് മഹാരാഷ്ട്ര സര്‍ക്കാരിനോടാവശ്യപ്പെട്ട് കോണ്‍ഗ്രസ്. നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനായി സംസ്ഥാന സര്‍ക്കാര്‍ കമ്മിറ്റി രൂപികരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

ഡീപ്‌ഫേക്കുകള്‍ തിരിച്ചറിയാനും തുറന്നുകാട്ടാനും പ്രത്യേക സംവിധാനം ആവശ്യമാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന യൂണിറ്റ് ജനറല്‍ സെക്രട്ടറി സച്ചിന്‍ സാവന്ത് എക്‌സില്‍ കുറിച്ചു.

നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ നിരവധി രാഷ്ട്രീയക്കാരും സെലിബ്രിറ്റികളും ഇതിനെതിരെ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം.

‘രശ്മിക മന്ദാനയെപ്പോലെ സെലിബ്രിറ്റികളും ചില  രാഷ്ട്രീയക്കാരും ഡീപ്‌ഫേക്ക് അറ്റാക്കിന് വിധേയരായിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങള്‍ സാധാരണക്കാര്‍ക്കും സംഭവിക്കാം അത് അവരുടെ ജീവിതം തന്നെ നശിപ്പിക്കാന്‍ ഇടയുണ്ട്,’ സച്ചിന്‍ സാവന്ത് എക്‌സില്‍ കുറിച്ചു.

ഇത്തരം ആക്രമണങ്ങള്‍ രാഷ്ട്രീയ രംഗത്ത് അരാജകത്വം സൃഷ്ടിക്കുമെന്നും വ്യാജവാര്‍ത്തകളും കിംവദന്തികളും ക്രമസമാധാനനിലയ്ക്ക് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും  നടപടികള്‍ സ്വീകരിക്കണമെന്നും സാവന്ത് പോസ്റ്റില്‍ ആവശ്യപ്പെട്ടു.

ഡീപ്‌ഫേക്കുകള്‍, തെറ്റായ വാര്‍ത്തകള്‍ മറ്റ് സൈബര്‍ കുറ്റക്യത്യങ്ങള്‍ എന്നിവ തിരിച്ചറിയാനും 36 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യാനും ഈ ആഴ്ച കേന്ദ്രം പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഉപദേശം നല്‍കിയിരുന്നു.

content highlight : Maharashtra Congress urges state to formulate strategy against AI-generated deepfakes

Latest Stories

We use cookies to give you the best possible experience. Learn more