മുംബൈ: മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ രംഗത്തെത്തിയ ബോളിവുഡ് നടന്‍മാരില്‍ പലരും ഇന്നത്തെ ഇന്ധനവില വര്‍ദ്ധനവിനെതിരെ പ്രതികരിക്കാത്തതിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം.
പ്രതികരിക്കാത്ത ബോളിവുഡ് നടന്‍മാരുടെ ചിത്രങ്ങളും അവയുടെ ഷൂട്ടിംഗും സംസ്ഥാനത്ത് അനുവദിക്കാന്‍ പാടില്ലെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചിരിക്കുകയാണ്. അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും പേരെടുത്തു പറഞ്ഞായിരുന്നു ആഹ്വാനം.
സാധാരണക്കാരനെ വീണ്ടും ദുരിതത്തിലാഴ്ത്തി ഇന്ധനവില കുത്തനെ ഉയരുകയാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്ത് ഇന്ധനവില വര്‍ദ്ധനവിനെതിരെ ശബ്ദമുയര്‍ത്തിയ താരങ്ങളായിരുന്നു അമിതാഭ് ബച്ചനും അക്ഷയ് കുമാറും. എന്നാല്‍ ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലെത്തിയ ഇക്കാലത്ത് അവര്‍ നിശബ്ദരാണ്. മോദിയുടെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദമുയര്‍ത്താന്‍ അവര്‍ക്ക് ധൈര്യമില്ല, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ നാന പട്ടോലെ പറഞ്ഞു.
കേന്ദ്രത്തിന്റെ നടപടികള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയില്ലെങ്കില്‍ മഹാരാഷ്ട്രയില്‍ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ചിത്രങ്ങളുടെ ഷൂട്ടിംഗും പ്രദര്‍ശനവും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.