മുംബൈ: 2019ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ സഖ്യത്തിന് രൂപം കൊടുത്ത് കോണ്‍ഗ്രസ്- എന്‍.സി.പി ജനപ്രതിനിധികള്‍.
ബി.ജെ.പിയെ പുറത്താക്കുകയെന്ന ഒറ്റലക്ഷ്യത്തോടെ ഒരു സഖ്യം രൂപീകരിക്കാന്‍ അതത് പാര്‍ട്ടികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയെന്ന ലക്ഷ്യമിട്ടാണ് ജനപ്രതിനിധികളുടെ സഖ്യം രൂപംകൊണ്ടതെന്ന് ഡി.എന്‍.എ റിപ്പോര്‍ട്ടു ചെയ്യുന്നു. തിങ്കളാഴ്ച രാത്രി മുംബൈയിലെ ഒരു ഹോട്ടലില്‍ കോണ്‍ഗ്രസ്- എന്‍.സി.പി പാര്‍ട്ടികളിലെ 20 ജനപ്രതിനിധികള്‍ യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലാണ് ഇത്തരമൊരു സഖ്യത്തിനുള്ള തീരുമാനമുണ്ടായത്.
ബി.ജെ.പിയ്‌ക്കെതിരെ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യമെന്ന വിഷയത്തില്‍ ചര്‍ച്ചകളും ആലോചനകളും നടക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ഇത്തരമൊരു സഖ്യം രൂപംകൊണ്ടിരിക്കുന്നത്.
ബി.ജെ.പിയെ ഒതുക്കാന്‍ ബൂത്തു തലം മുതല്‍ തന്നെ സംഘടനാ നെറ്റുവര്‍ക്ക് പുനക്രമീകരിക്കാന്‍ ഇരു പാര്‍ട്ടികളും തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ ഒരുമാറ്റത്തിന് ആഹ്വാനം ചെയ്തുകൊണ്ട് ഒരുമിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ അതത് പാര്‍ട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ ജനപ്രതിനിധികള്‍ യോഗത്തില്‍ തീരുമാനിച്ചു.
“ബി.ജെ.പിയെ ഒരുമിച്ച് നേരിടാന്‍ കോണ്‍ഗ്രസിനും എന്‍.സി.പിക്കും പറ്റിയ സമയമാണിത്. ലോക്‌സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന് മത്സരിക്കാന്‍ തയ്യാറാണെന്ന് എന്‍.സി.പി നേതൃത്വം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് എത്രയും നേരത്തെ തങ്ങളുടെ നിലപാട് വ്യക്തമാക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എങ്കില്‍ മാത്രമേ ഔപചാരിക ചര്‍ച്ചകളുമായി മുന്നോട്ടുപോകാനാവൂ.” എന്‍.സി.പി ഗ്രൂപ്പ് നേതാവും മുന്‍ മന്ത്രിയുമായ ജയന്ത് പട്ടേല്‍ പറഞ്ഞു.
“ഔപചാരിക പ്രഖ്യാപനമുണ്ടാവുന്നതു വരെ കോണ്‍ഗ്രസും എന്‍.സി.പിയും ചേര്‍ന്ന് ഒരു കൂട്ടം പ്രശ്‌നങ്ങളില്‍ പൊതുറാലികളും യോഗങ്ങളും സംഘടിപ്പിക്കും.” എന്നാണ് കോണ്‍ഗ്രസ് ലെജിസ്ലേറ്ററായ സുനില്‍ ഖേദാര്‍ പറഞ്ഞത്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം