കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
D' Election 2019
കോണ്‍ഗ്രസില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 13th March 2019, 7:59 am

മുംബൈ: മഹാരാഷ്ട്ര പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലിന്റെ മകന്‍ സുജയ് വിഖെ പാട്ടീല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് സുജയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. പ്രതിപക്ഷ ഐക്യശ്രമങ്ങള്‍ക്കിടെ കോണ്‍ഗ്രസില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്ക് തുടരുകയാണ്.

അഹമദ്‌നഗര്‍ മണ്ഡലത്തില്‍ സുജയ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് സൂചനയുണ്ട്. ഉന്നതനേതാവിന്റെ മകന്‍ തന്നെ ബി.ജെ.പിക്കൊപ്പം പോയത് എന്‍.സി.പി സഖ്യത്തിലൂടെ മഹാരാഷ്ട്രയില്‍ വിജയമുറപ്പാക്കാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന് വന്‍തിരിച്ചടിയാണ്.


അതേസമയം, ഗുജറാത്തില്‍ ഒരുമാസത്തിനിടെ അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാരാണ് പാര്‍ട്ടി വിട്ടത്. ഇതില്‍ നാലുപേര്‍ അവസാന ഒരുമാസത്തിനിടെയിലും.

വിശാലപ്രതിപക്ഷത്തിനൊപ്പം ചേരുമെന്ന് സൂചന നല്‍കിയ രാജ് താക്കറെയുടെ എം.എന്‍.എസിന്റെ ഏക എം.എല്‍.എ, എന്‍.ഡി.എയിലെ രണ്ടാമത്തെ കക്ഷിയായ ശിവസേനയില്‍ ചേര്‍ന്നു.

ബംഗാളില്‍ പ്രമുഖ സി.പി.ഐ.എം നേതാവും എം.എല്‍.എയുമായ ഖഗേന്‍ മര്‍മു കോണ്‍ഗ്രസ് എം.എല്‍.എ ദുലാല്‍ ചന്ദ്രബാര്‍ എന്നിവര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു.


also read:  ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിന് ചെലവാകുക 500 ബില്ല്യൺ രൂപ


പുറത്താക്കപ്പെട്ട തൃണമൂല്‍ കോണ്‍ഗ്രസ് എം.പി അനുപം ഹസാരെയും ചൊവ്വാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ജനുവരിയില്‍ തൃണമൂലില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണ് അനുപം ഹസാരെ.

ബി.ജെ.പി ജനറല്‍ സെക്രട്ടറി കൈലാശ് വിജയ് വര്‍ഗീയയുടെയും മുകുള്‍ റോയിയുടെയും സാന്നിധ്യത്തിലാണ് മൂവരും ബി.ജെ.പിയില്‍ ചേര്‍ന്നത്.മാല്‍ഡയിലെ ഹബീബ്പൂര്‍ എം.എല്‍.എയാണ് ഖഗേന്‍ മര്‍മു. ദുലാല്‍ ചന്ദ്ര നോര്‍ത്ത് 24 പര്‍ഗാനയിലെ ബാഗ്ദ എം.എല്‍.എയാണ്.