| Sunday, 23rd July 2017, 8:27 am

സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് ചെയ്ത വോട്ട് കിട്ടിയത് ബി.ജെ.പിയുടെ താമരയ്ക്ക്: ഇ.വി.എം അട്ടിമറി സ്ഥിരീകരിച്ച് മഹാരാഷ്ട്ര കലക്ടറുടെ വിവരാവകാശ മറുപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ക്രമക്കേട് നടന്നതായി സ്ഥിരീകരിച്ച് മഹാരാഷ്ട്ര ബുല്‍ധാന ജില്ല കലക്ട്രേറ്റിന്റെ വിവരാവകാശ മറുപടി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ട് അട്ടിമറിയിലൂടെ ബി.ജെ.പിയുടെ താമരയ്ക്കു പോയിട്ടുണ്ട് എന്ന കാര്യമാണ് ബുലധാന കലക്ടര്‍ അറിയിച്ചതെന്ന് ഐ.എ.എന്‍.എസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

ഫെബ്രുവരി 16ന് ബുലധാന ജില്ലാ പരിഷത്തിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍പൂര്‍ എന്ന ഗ്രാമത്തിലെ ഒരു പോളിങ് സ്‌റ്റേഷനില്‍ ഇ.വി.എം ക്രമക്കേട് നടന്നിട്ടുണ്ട് എന്നാണ് കലക്ടര്‍ അറിയിച്ചത്. വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗാല്‍ഗലിയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

“സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമായ തേങ്ങ വോട്ടര്‍ പ്രസ് ചെയ്യുമ്പോഴെല്ലാം ബി.ജെ.പിയുടെ താമര ചിഹ്നത്തിലെ ചുവന്ന ലൈറ്റ് കത്തിയിരുന്നു. ഇക്കാര്യം റിട്ടേണിങ് ഓഫീസര്‍ അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുകയും അത് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്തിരുന്നു.” വിവരാവകാശ മറുപടിയില്‍ പറയുന്നു.


Must Read:വോട്ടിങ് മെഷീന്‍ അട്ടിമറിക്കാമെന്ന ആരോപണം ആദ്യമുയര്‍ത്തിയത് ബി.ജെ.പി; 2010ല്‍ ഡെമോണ്‍സ്ട്രേറ്റ് ചെയ്ത് കാണിച്ചു: വീഡിയോ കാണാം


ഇലക്ട്രോണിക് വോട്ടിങ് മെഷീനിലെ ക്രമക്കേട് കാരണം വോട്ടു നഷ്ടപ്പെട്ട അഷ അരുണ്‍ സോറിയെന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരാതിയെക്കുറിച്ചു മനസിലാക്കിയതിനു പിന്നാലെ ജൂണ്‍ 16നാണ് ഗാല്‍ഗലി വിവരാവകാശ അപേക്ഷ നല്‍കിയത്. റിട്ടേണിങ് ഓഫീസര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് അദ്ദേഹം ആവശ്യപ്പെട്ടത്.

യു.പി തെരഞ്ഞെടുപ്പിനു പിന്നാലെയാണ് ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ക്രമക്കേട് എന്ന ആരോപണം വലിയ തോതില്‍ ഉയര്‍ന്നത്. ആരോപണം എ.എ.പി ഏറ്റെടുക്കുകയും വോട്ടിങ് മെഷീന്‍ ക്രമക്കേട് ഡെമോണ്‍സ്‌ട്രേറ്റു ചെയ്തു കാട്ടുകയും ചെയ്തിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഈ ആരോപണം തള്ളിയിരുന്നു.

We use cookies to give you the best possible experience. Learn more