മുംബൈ: സ്വിറ്റ്‌സര്‍ലാന്‍ഡിലെ ഡാവോസില്‍ വെച്ച് നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ (World Economic Forum) നരേന്ദ്ര മോദിയെ കുറിച്ച് ലക്‌സംബര്‍ഗ് പ്രധാനമന്ത്രി പറഞ്ഞതിനെക്കുറിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ.
താനൊരു മോദി ഭക്തനാണെന്ന് ലക്‌സംബര്‍ഗ് പ്രധാനമന്ത്രി സേവ്യര്‍ ബെറ്റല്‍ (Xavier Bettel) തന്നോട് പറഞ്ഞതായാണ് ഷിന്‍ഡെയുടെ പ്രതികരണം. വ്യാഴാഴ്ച ബെറ്റലുമായി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ച് തിരിച്ച് ഇന്ത്യയിലെത്തിയ ശേഷം സംസാരിക്കവെയായിരുന്നു ഷിന്‍ഡെ ഇക്കാര്യം പറഞ്ഞത്.
ലക്‌സംബര്‍ഗ് പ്രധാനമന്ത്രി തന്നോടൊപ്പം ഒരു ഫോട്ടോയെടുക്കുകയും അത് നരേന്ദ്ര മോദിയെ കാണിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തുവെന്നും ഷിന്‍ഡെ പറഞ്ഞു. മുംബൈയില്‍ നരേന്ദ്ര മോദിയടക്കം പങ്കെടുത്ത ഒരു പരിപാടിക്കിടെയായിരുന്നു മോദിയെ സ്‌റ്റേജിലിരുത്തിക്കൊണ്ട് ഷിന്‍ഡെയുടെ ‘പുകഴ്ത്തല്‍’.
അദ്ദേഹം എന്റെ കൂടെ ഒരു ഫോട്ടോ എടുക്കുകയും അത് പ്രധാനമന്ത്രി മോദിയെ കാണിക്കണമെന്ന് പറയുകയും ചെയ്തു. ഞാന്‍ ജര്‍മനിയില്‍ നിന്നും സൗദി അറേബ്യയില്‍ നിന്നും നിരവധി പേരെ കണ്ടു. പ്രധാനമന്ത്രി മോദിയോടൊപ്പമാണോ ഞാന്‍, എന്നാണ് അവരെല്ലാം എന്നോട് ചോദിച്ചത്.
‘ഞാന്‍ അദ്ദേഹത്തിന്റെ (മോദിയുടെ) ആളാണ്’ എന്ന് മാത്രമാണ് അവരോട് പറഞ്ഞത്.
അദ്ദേഹത്തിന്റെ ജനപ്രീതി ഇന്ത്യയില്‍ മാത്രമല്ല ഡാവോസിലും ഉണ്ടെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. അത് നമ്മുടെ അഭിമാനമാണ്. ലോകത്തിലെ പ്രമുഖര്‍ നമ്മുടെ പ്രധാനമന്ത്രിയെ കുറിച്ച് സംസാരിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു,” മോദിയെ സ്‌റ്റേജിലിരുത്തിക്കൊണ്ട് ഷിന്‍ഡെ പറഞ്ഞു.
Content Highlight: Maharashtra CM Eknath Shinde says Luxembourg PM told him that he is a Modi bhakt