| Thursday, 2nd March 2017, 10:41 am

തെരഞ്ഞെടുപ്പും അട്ടിമറിക്കപ്പെടുന്നു? മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ അട്ടിമറിയെന്ന് ആരോപണം: ക്രമക്കേട് നടന്നത് വോട്ടിങ് മെഷീനുകളില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്ര തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് വോട്ടെണ്ണല്‍ വേളയില്‍ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി ആരോപണം. മുംബൈയിലെ നാസിക്, പൂന മേഖലകളില്‍ പലയിടങ്ങളിലും ആകെ രേഖപ്പെടുത്തിയ വോട്ടുകളേക്കാള്‍ കൂടുതലാണ് എണ്ണിയ വോട്ടുകള്‍ എന്ന ആരോപണങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ രംഗത്തുവന്നു കഴിഞ്ഞു.

മഹാരാഷ്ട്ര പ്രാദേശിക തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ അവസാനിച്ചുകൊണ്ടിരിക്കെ ഫെബ്രുവരി 23നു വൈകുന്നേരം മുതല്‍ പലയിടങ്ങളിലും വോട്ടിങ് മെഷീന്‍ വഴി അട്ടിമറി നടത്തിയെന്ന ആരോപണം ശക്തമായെന്നും ചില മേഖലകളില്‍ ഇത് വന്‍ അക്രമസംഭവങ്ങള്‍ക്കു വഴിവെച്ചെന്നും ദ ക്വിന്റ് റിപ്പോര്‍ട്ടു ചെയ്യുന്നു.

മുംബൈയിലെ നാസിക് സിറ്റിയുടെ ഹൃദയഭാഗത്തുള്ള പഞ്ചാവതിയില്‍ ബി.ജെ.പി നേതാവിന്റെ മകന്‍ വിജയിച്ചത് വോട്ടിങ് മെഷീന്‍ അട്ടിമറി വഴിയാണെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നത് അക്രമസംഭവങ്ങള്‍ക്കു വഴിവെച്ചു.


Must Read: ജാര്‍ഖണ്ഡില്‍ സ്ത്രീധനത്തിനെതിരെ അണിനിരന്നത് 300 മുസ്‌ലിം കുടുംബങ്ങള്‍: വിവാഹവേളയില്‍ വാങ്ങിയ സ്ത്രീധനങ്ങള്‍ തിരിച്ചുനല്‍കി 


നഗരത്തിലെ ബി.ജെ.പി നേതാവിന്റെ മകന്‍ ഈ വാര്‍ഡില്‍ ജയിച്ചതായി പ്രഖ്യാപിച്ചു. എന്നാല്‍ ആകെ രേഖപ്പെടുത്തിയ വോട്ടുകളെക്കാള്‍ കൂടുതലാണ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കൂടി കിട്ടിയ വോട്ടുകള്‍ എന്നാരോപിച്ച് ശിവസേന രംഗത്തുവന്നതോടെയായിരുന്നു തെരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെട്ടെന്ന സംശയം ശക്തിപ്പെട്ടത്.

ഇത് നഗരത്തില്‍ ബി.ജെ.പിയും ശിവസേനയും തമ്മില്‍ സംഘര്‍ഷത്തിനു വഴിവെച്ചു. ജനക്കൂട്ടം വാഹനങ്ങള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. 800ലേറെ വരുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിചാര്‍ജ് നടത്തി. അക്രമസംഭവങ്ങളില്‍ ചില പ്രദേശവാസികള്‍ക്കും ഒമ്പതു പൊലീസുകാര്‍ക്കും പരുക്കേറ്റു.

പൂനെയിലും ഇത്തരത്തില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ അട്ടിമറി നടന്നതായി ആരോപണം ഉയര്‍ന്നു. വോട്ടെണ്ണല്‍ വേളയില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടു നടത്തിയെന്നാരോപിച്ച് പൂനെയിലെ യെര്‍വാദ വാര്‍ഡിലെ വിവിധ പാര്‍ട്ടികളിലുള്ള 15സ്ഥാനാര്‍ത്ഥികളും റിട്ടേണിങ് ഓഫീസര്‍ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്.

33,289 വോട്ടുകളാണ് ആകെ ചെയ്തത്. എന്നാല്‍ വോട്ടെണ്ണിയപ്പോള്‍ ഇത് 43,324 ആയെന്നാണ് ഇവര്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് റീപോളിങ് നടത്തണമെന്ന ആവശ്യവും ഇവര്‍ മുന്നോട്ടുവെച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ റിട്ടേണിങ് ഓഫീസര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പു കമ്മീഷന്‍ റീപൊളിങ് ആവശ്യം നിഷേധിച്ചപ്പോള്‍ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികളെല്ലാം ഒരുമിച്ചുചേര്‍ന്ന് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പല മേഖലകളില്‍ നിന്നും ഇത്തരം പരാതി ഉയര്‍ന്നതോടെ അവര്‍ വോട്ടിങ് മെഷീന്‍ വൈകുണ്ഡ് ശ്മശാനത്തില്‍ പ്രതീകാത്മകമായി സംസ്‌കരിച്ചുകൊണ്ട് പ്രതിഷേധിച്ചു.

എല്ലാ പാര്‍ട്ടികളിലുമുള്ള തോറ്റ സ്ഥാനാര്‍ത്ഥികള്‍ ഈ പ്രതിഷേധ സമരത്തിന്റെ ഭാഗമായി. മിക്കവരും ഞെട്ടിക്കുന്ന കാര്യങ്ങളാണ് പറഞ്ഞത്.

” സെക്ഷന്‍ 149 പ്രകാരം ഔദ്യോഗികമായി ഞാന്‍ വിജയിയാണെന്നു പ്രഖ്യാപിച്ചു. ഞങ്ങളോട് അവര്‍ പോകാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഞങ്ങള്‍ വിജയാഘോഷം തുടങ്ങി ഒരു മണിക്കൂറിനുശേഷം ഒരു ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ നിന്നുള്ള വോട്ട് എണ്ണാനുണ്ടെന്ന് ഞങ്ങളെ അറിയിച്ചു. തുടര്‍ന്ന് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ വിജയിയായി പ്രഖ്യാപിക്കുകയും ചെയ്തു.” പൂനെയിലെ എന്‍.സി.പി സ്ഥാനാര്‍ത്ഥിയായ മനിഷ മോഹിതെ പറയുന്നു.


Must Read: കണ്ണൂര്‍ ചെറുകുന്നില്‍ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍


മുംബൈയില്‍ സാകി നാക സ്വദേശിയായ ശ്രീകാന്ത് ശ്രിസാത് സ്വന്തം നാട്ടില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ കിട്ടിയത് പൂജ്യം വോട്ടാണ്. പക്ഷെ എങ്ങനെ എന്നാണ് അദ്ദേഹം ചോദിക്കുന്നത്.

“ഞാന്‍ എനിക്കാണ് വോട്ടു ചെയ്തത്. എന്റെ കുടുംബവും അയല്‍ക്കാരും. ഇലക്ട്രോണിക് വോട്ടിങ് മെഷീന് എന്തോ പ്രശ്‌നമുണ്ട്. അല്ലാതെ എനിക്ക് എങ്ങനെ പൂജ്യം വോട്ടാവാന്‍?” അദ്ദേഹം ചോദിക്കുന്നു.

മഹാരാഷ്ട്രയുടെ പലഭാഗത്തുനിന്നും ഇത്തരം ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ ലോക്ഷാഹി ബച്ചാഓ ആന്തോളന്‍ എന്ന പേരില്‍ ഒരു സംഘടന തന്നെ രൂപംകൊണ്ടിരിക്കുകയാണ്.

നാഗ്പൂരില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയില്ലെങ്കില്‍ മേയറെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി എന്‍.സി.പി രംഗത്തുവന്നിരിക്കുകയാണ്. അതിനടുത്തുള്ള അമരാവതിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ അട്ടിമറി പ്രശ്‌നത്തില്‍ എല്ലാ പാര്‍ട്ടികളും ചേര്‍ന്ന് തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more