മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിസ്ഥാനം ഉദ്ധവ് താക്കറെ രാജിവെച്ചു. ഒരാഴ്ചയിലേറെയായി നീണ്ടുനിന്ന മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന് ഇതോടെ പരിസമാപ്തിയായി. വ്യാഴാഴ്ച നടക്കാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പിന് കാത്തുനില്‍ക്കാതെയാണ് താക്കറെ രാജിവെച്ചത്. അധികാരത്തില്‍ കടിച്ചുതൂങ്ങുന്നവനല്ല താന്‍. സഭയിലെ അംഗബലമല്ല കാര്യം, ഒരു ശിവസേനക്കാരന്‍ പോലും എതിരാവുന്നത് സഹിക്കാനാവില്ലെന്നും ഉദ്ധവ് പറഞ്ഞു.
വിശ്വാസവോട്ടെടുപ്പ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് ഉദ്ധവിന്റെ രാജി പ്രഖ്യാപനം. കോടതിവിധി മാനിക്കുന്നുവെന്നും തങ്ങള്‍ ജനാധിപത്യം പിന്തുടരുമെന്നും താക്കറെ പറഞ്ഞു. നിലകൊണ്ടത് മറാത്തികള്‍ക്കും ഹിന്ദുക്കള്‍ക്കും വേണ്ടിയാണ്. ബാലാസാഹിബിന്റെ മകനെ വീഴ്ത്തിയെന്ന് നിങ്ങള്‍ക്ക് ആഘോഷിക്കാമെന്നും ഉദ്ധവ് പ്രതികരിച്ചു.
‘എന്നെ പിന്തുണച്ച എന്‍.സി.പി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നന്ദി അറിയിക്കുകയാണ്. മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണ്. അപ്രതീക്ഷിതമായ രീതിയാണ് ഞാന്‍ അധികാരത്തിലെത്തിയത്. എന്നാല്‍ പുറത്തേക്കുപോകുന്നതു പതിവുരീതിയിലാണ്. ഞാന്‍ എങ്ങോട്ടും പോകില്ല, ഞാന്‍ ഇവിടെയുണ്ടാകും. ഒരിക്കല്‍ കൂടി ശിവസേനാ ഭവനില്‍ ഇരിക്കും. എന്റെ ആളുകളോടൊപ്പം ഒത്തുചേരും,’ ഉദ്ധവ് താക്കറെ കൂട്ടിച്ചേര്‍ത്തു.
വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ തീരുമാനത്തിനെതിരെ ശിവസേനയാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ സുപ്രീംകോടതി തീരുമാനം ശിവസേനക്ക് കനത്ത തിരിച്ചടിയായിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാര്‍ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കേണ്ടതായി വന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചത്.