മുംബൈ: രാജ്യം കെട്ടിപ്പടുക്കുന്നതില്‍ ആര്‍.എസ്.എസിന്റെ സംഭാവനകള്‍ വിലപ്പെട്ടതാണെന്ന് മഹാരാഷ്ട്ര
മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ. ഷിന്‍ഡെ വിഭാഗം മുംബൈയിലെ ബന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ സംഘടിപ്പിച്ച ദസറ റാലിയില്‍ സംസാരിക്കുകയായിരുന്നു ഏകനാഥ് ഷിന്‍ഡെ.
തങ്ങളുടെ ദസറ റാലിയിലെ വന്‍ ജനക്കൂട്ടം ബാലാസാഹെബ് താക്കറെയുടെ പാരമ്പര്യത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ ആരാണെന്ന് കാണിക്കാനുള്ള മതിയായ തെളിവാണെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ ശിവസേനയേയും ബി.ജെ.പിയെയുമാണ് തെരഞ്ഞെടുത്തത്. എന്നാല്‍ കോണ്‍ഗ്രസുമായും എന്‍.സി.പി.യുമായും സഖ്യമുണ്ടാക്കി ഉദ്ധവ് താക്കറെ ജനങ്ങളെ വഞ്ചിച്ചെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
ശിവസേന ഉദ്ധവ് താക്കറെയടെ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയല്ലെന്നും സാധാരണ സേനാ പ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെ രൂപീകരിച്ചതാണ് പാര്‍ട്ടിയെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
അവര്‍(താക്കറെ വിഭാഗം) എന്നെ ‘കട്ടപ്പ’ എന്നാണ് വിളിക്കുന്നത്. ‘കട്ടപ്പ’ക്ക് പോലും ആത്മാഭിമാനം ഉണ്ടായിരുന്നു. അവരെപ്പോലെ ഇരട്ടത്താപ്പായിരുന്നില്ലെന്നും ഏകനാഥ് ഷിന്‍ഡെ പറഞ്ഞു.
അതിനിടയില്‍ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരന്‍ ജയ്‌ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്കൊപ്പം വേദി പങ്കിട്ടു. സെന്‍ട്രല്‍ മുംബൈയിലുള്ള ദാദറിലെ ശിവാജി പാര്‍ക്കിലാണ് ഉദ്ധവ് താക്കറെയുടെ ശിവസേന വിഭാഗം റാലി നടത്തിയത്. സ്വന്തം സഹോദരന്‍ എതിര്‍ക്യാമ്പിലേക്ക് പോയത് താക്കറെക്കേറ്റ വലിയ തിരിച്ചടിയായാണ് വിലയിരുത്തുന്നത്.
തന്റെ പരിപാടിയില്‍ ഏക്‌നാഥ് ഷിന്‍ഡെയെയും ഉദ്ധവ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചു. ഏക്‌നാഥ് ഷിന്‍ഡെ തന്റെ പിതാവിനെ മോഷ്ടിച്ചെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു.
ഷിന്‍ഡെക്ക് അത്യാഗ്രഹമാണെന്നും മുഖ്യമന്ത്രി പദത്തിന് പിന്നാലെ ഇപ്പോള്‍ പാര്‍ട്ടിയെയും അദ്ദേഹം ചോദിക്കുകയാണെന്നും താക്കറെ പറഞ്ഞു.
CONTENT HIGHLIGHTS: Maharashtra Chief Minister Eknath Shinde says that RSS’s contributions are valuable in building the country