മുംബൈ: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന മഹാരാഷ്ട്രയില്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിവിധ കക്ഷി നേതാക്കളുമായി സംസാരിച്ചു.
മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറെ എന്നിവരുമായി ഉദ്ധവ് ഫോണില്‍ ബന്ധപ്പെട്ടു. നേരത്തെ സംസ്ഥാനത്തെ സിനിമ-വ്യാവസായ രംഗത്തെ പ്രമുഖരുമായും വിവിധ സംഘടനാ നേതാക്കളുമായും മുഖ്യമന്ത്രി സംസാരിച്ചിരുന്നു.
അതേസമയം മഹാരാഷ്ട്രയിലെ ഓക്‌സിജന്‍ വിതരണക്കാരുമായി മന്ത്രി രാജേന്ദ്ര ഷിഗ്നെ കൂടിക്കാഴ്ച നടത്തി. കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓക്‌സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയില്‍ ഉറപ്പാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
കൊവിഡ് വ്യാപനം ഇപ്പോഴത്തെ പോലെ തുടര്‍ന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കേണ്ടി വരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്.