| Monday, 30th December 2019, 1:03 pm

അജിത് പവാറും ആദിത്യ താക്കറെയും ഇനി മന്ത്രിമാര്‍; പ്രമുഖ നേതാവിനെ ഒഴിവാക്കി ശിവസേന; മഹാരാഷ്ട്രയിലെ പുതിയ മന്ത്രിമാരുടെ പട്ടിക പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ മന്ത്രിസഭാ വിപുലീകരണത്തിന്റെ വിവരങ്ങള്‍ പുറത്ത്. പ്രതീക്ഷിച്ചതുപോലെ എന്‍.സി.പി നേതാവ് അജിത് പവാറും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ യുവനേതാവുമായ ആദിത്യ താക്കറെയും മന്ത്രിസഭയിലെത്തി. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനം തന്നെയാണു ലഭിക്കുക.

എന്നാല്‍ ശിവസേനയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റാവത്തിനെയും അദ്ദേഹത്തിന്റെ സഹോദരന്‍ സുനില്‍ റാവത്തിനെയും ഉള്‍പ്പെടുത്തിയിട്ടില്ല. ശിവസേനാ നേതാക്കളായ രാംദാസ് കദം, ദീപക് കേസര്‍കര്‍, ദിവാകര്‍ റാവത്ത് എന്നിവരെയും ഉള്‍പ്പെടുത്തിയിട്ടില്ല.

ആകെ 36 മന്ത്രിമാരാണ് ഇന്നു സ്ഥാനമേല്‍ക്കുക. ഒരു ഉപമുഖ്യമന്ത്രിയും 25 കാബിനറ്റ് മന്ത്രിമാരും 10 സഹമന്ത്രിമാരുമാണു സ്ഥാനമേല്‍ക്കുക. കോണ്‍ഗ്രസിന് 10 മന്ത്രിസ്ഥാനവും എന്‍.സി.പിക്ക് 14 മന്ത്രിസ്ഥാനവും ലഭിക്കുമ്പോള്‍ ശിവസേനയ്ക്ക് 11 മന്ത്രിമാരാണ് ഇന്നു ലഭിക്കുക.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആദിത്യക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പോ പരിസ്ഥിതിയോ ലഭിക്കും. താക്കറെ കുടുംബത്തില്‍ നിന്ന് ആദ്യമായി മത്സരിച്ചു നിയമസഭയിലെത്തിയ വ്യക്തി കൂടിയാണ് ആദിത്യ.

ഞായറാഴ്ച മൂന്നു പാര്‍ട്ടികളും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് അജിത് പവാറിനെ ഉപമുഖ്യമന്ത്രിയാക്കാനുള്ള തീരുമാനമെടുക്കുന്നത്.

പേരുകള്‍ നിര്‍ദേശിക്കുന്നതിനായി എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുതിര്‍ന്ന പാര്‍ട്ടി എം.എല്‍.എ മാരുടെ മീറ്റിംഗ് വിളിച്ചു ചേര്‍ത്തിരുന്നു. മന്ത്രിമാരുടെ പേര് തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബാലാസാഹേബ് തോറാട്ടിനെ ദല്‍ഹിയിലേക്ക് വിളിപ്പിച്ചിരുന്നു.

മന്ത്രിസഭാ വികസനത്തിന് സ്വാഭിമാനി ശേക്താരി സംഘടന, പെസന്റ് ആന്‍ഡ് വര്‍ക്കേഴ്‌സ് പാര്‍ട്ടി, സമാജ്വാദി പാര്‍ട്ടി തുടങ്ങിയവരെ പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സഖ്യത്തില്‍ തര്‍ക്കമുണ്ടായിരുന്നു.

മന്ത്രിമാരുടെ പട്ടിക ഇങ്ങനെ:

ശിവസേന: ആദിത്യ താക്കറെ, സഞ്ജയ് റാത്തോഡ്, ഗുലാബ് റാവു പാട്ടീല്‍, ദാദാ ഭുസെ, അനില്‍ പരബ്, ഉദയ് സാമന്ത്, ശങ്കര്‍ റാവു ഗഡക്, അബ്ദുള്‍ സത്താര്‍, ശംഭുരാജ് ദേശായി, ബച്ചു കഡു, രാജേന്ദ്ര പാട്ടീല്‍ യാദ്രവ്കര്‍.

എന്‍.സി.പി: അജിത് പവാര്‍, ദിലീപ് വാല്‍സെ പാട്ടീല്‍, ധനഞ്ജയ് മുണ്ടെ, ഹസന്‍ മുഷ്‌റിഫ്, രാജേന്ദ്ര ഷിംഗാനെ, നവാബ് മാലിക്, രാജേഷ് തോപെ, അനില്‍ ദേശ്മുഖ്, ജിതേന്ദ്ര അഹ്‌വാദ്, ബാലാസാഹേബ് പാട്ടീല്‍, ദത്താത്രയ് ഭര്‍നെ, അദിതി തത്കാരെ, സഞ്ജയ് ബന്‍സോദെ, പ്രജക്ത് തന്‍പുരെ.

കോണ്‍ഗ്രസ്: അശോക് ചവാന്‍, വിജയ് വഡേട്ടിവര്‍, അമിത് ദേശ്മുഖ്, വര്‍ഷ ഗെയ്ക്ക്‌വാദ്, സുനില്‍ കേദാര്‍, യശോമതി താക്കൂര്‍, കെ.സി പദവി, അസ്‌ലം ഷെയ്ഖ്, സതേജ് പാട്ടീല്‍, വിശ്വജീത് പതംഗ്‌റാവു കദം.

We use cookies to give you the best possible experience. Learn more