ചന്ദ്രപൂര്‍: മഹാരാഷ്ട്രയിലെ ചന്ദ്രപൂരില്‍ റെയില്‍വേ സ്റ്റേഷനിലെ പാലം തകര്‍ന്ന് ഒരു മരണം. 15ലേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വിവിധ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
പരിക്കേറ്റവരുടെ ആരോഗ്യനിലയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്കേറ്റവരെ സിവില്‍ ആശുപത്രിയിലേക്കാണ് മാറ്റിയിരിക്കുന്നത്.
വൈകീട്ട് 5.10 ഓടെയായിരുന്നു സംഭവം. ചന്ദ്രപൂരിലെ ബല്‍ഹര്‍ഷ സ്റ്റേഷനിലെ ഒന്നും രണ്ടും പ്ലാറ്റ്‌ഫോമുകള്‍ക്ക് മുകളിലുള്ള പാലത്തിലെ സ്ലാബുകള്‍ താഴേക്ക് പൊളിഞ്ഞു വീഴുകയായിരുന്നു.
സ്ലാബുകള്‍ താഴെ പാളത്തിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എ.എന്‍.ഐ പുറത്തുവിട്ട വീഡിയോയില്‍ പാലത്തിലെ സ്ലാബുകള്‍ പൊളിഞ്ഞു പോയിരിക്കുന്നതിനെ തുടര്‍ന്നുണ്ടായ വലിയ ദ്വാരങ്ങള്‍ വ്യക്തമായി കാണാം.
സ്ലാബിന്റെ ഭാഗങ്ങള്‍ താരതമ്യേന ചെറിയ കഷ്ണങ്ങളായി വീണുകൊണ്ടിരിക്കുന്നതും ഇതിലുണ്ട്. പരിഭ്രാന്തരായ ആളുകള്‍ പേടിച്ച് ചിതറിയോടുന്നതും വീഡിയോയില്‍ കാണാം.
പാലത്തിലെ സ്ലാബുകള്‍ തകര്‍ന്നുവീണുവെന്ന് സെന്‍ട്രല്‍ റെയില്‍വേയ്‌സ് സി.പി.ആര്‍.ഒ ശിവജി സൂത്തറാണ് ഔദ്യോഗികമായി അറിയിച്ചത്. ‘പരിക്കേറ്റവര്‍ക്ക് ഏറ്റവും മികച്ച വൈദ്യസഹായം തന്നെ ഉറപ്പാക്കുന്നുണ്ട്. കൂടുതല്‍ ചികിത്സ ആവശ്യമായവരെ മറ്റ് ആശുപത്രികളിലേക്ക് മാറ്റും,’ റെയില്‍വേ അറിയിച്ചു.
സംഭവത്തില്‍ പരിക്കേറ്റവര്‍ക്ക് റെയില്‍വേ നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷവും നിസാര പരിക്കുള്ളവര്‍ക്ക് 50,000വും നല്‍കുമെന്നാണ് പ്രഖ്യാപനം.
Content Highlight: Maharashtra bridge collapse: One dead, 15 injured