താനെ: താനെയിൽ ക്ഷേത്രത്തിൽ സ്ത്രീയോട് അപമാര്യാദയായി പെരുമാറിയതിന് ബി.ജെ.പി പ്രവർത്തകനെതിരെ കേസ് എടുത്ത് പൊലീസ്. യുവതിയെ ഇയാൾ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തിരുന്നു. തുടർന്ന് ബി.ജെ.പി പ്രവർത്തകനായ വിജയ് ത്രിപാഠിക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.
യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി പ്രവർത്തകനായ വിജയ് ത്രിപാഠിക്കും മറ്റ് ചിലർക്കുമെതിരെ പൊലീസ് വ്യാഴാഴ്ച എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഗണേശ ചതുർത്ഥി ഉത്സവത്തിൻ്റെ ഒരുക്കങ്ങൾ അവലോകനം ചെയ്യാൻ ക്ഷേത്രത്തിൽ പ്രാദേശിക നേതാക്കൾ വിളിച്ചുചേർത്ത യോഗത്തിനിടെയാണ് സംഭവങ്ങളുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രി ഗണേശ ചതുർത്ഥി ആഘോഷങ്ങളുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ പ്രതികൾ പാദരക്ഷകൾ അഴിക്കാതെ ക്ഷേത്രത്തിൽ കയറുകയായിരുന്നു. യുവതി ഇതിനെ എതിർത്തപ്പോൾ അവരോട് മോശമായി സംസാരിക്കുകയും സ്പർശിക്കുകയും ചെയ്യുകയായിരുന്നു. നാല് പുരുഷന്മാർ തന്നെ അസഭ്യം പറയുകയും ജാതിയെ കുറിച്ച് പരാമർശിക്കുകയും ചെയ്‌തെന്ന് യുവതി പറഞ്ഞു. ത്രിപാഠിക്കും മറ്റ് മൂന്ന് പേർക്കുമെതിരെ സെക്ഷൻ 74 ( ക്രിമിനൽ ബലപ്രയോഗം നടത്തുക), 298 (ഏതെങ്കിലും മതത്തെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ ആരാധനാലയം മലിനമാക്കുക) എന്നിവ പ്രകാരം കേസെടുത്തിട്ടുണ്ട്.
ഇതിന് മുമ്പും ത്രിപാഠിയുടെ പേരിൽ കേസ് എടുത്തിട്ടുണ്ട്. ശിവസേന പ്രവർത്തകനായ വികാസ് റെപാലെ വിളിച്ച യോഗത്തിൽ ഒരാളെ അസഭ്യം പറയുകയും ജാതീയമായി പരാമർശം നടത്തുകയും ചെയ്തതിന് ത്രിപാഠിക്കെതിരെ എഫ്.ഐ.ആർ എടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്രത്തിലെ യോഗത്തിന് ശേഷം 25 കാരനായ ദളിതനെ ആക്രമിച്ചതിന് ശിവസേന പ്രവർത്തകനായ റെപാലെക്കെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
Content Highlight: Maharashtra: BJP worker booked for ‘outraging woman’s modesty’ at temple in Thane