മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന പോര് മുറുകുന്നു; സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനിടെ ഗവര്‍ണറെ പ്രത്യേകം കണ്ട് ഇരുപാര്‍ട്ടികളും
national news
മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന പോര് മുറുകുന്നു; സര്‍ക്കാര്‍ രൂപീകരണം വൈകുന്നതിനിടെ ഗവര്‍ണറെ പ്രത്യേകം കണ്ട് ഇരുപാര്‍ട്ടികളും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 12:41 pm

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും ശിവസേനയും തമ്മില്‍ തുറന്ന പോരിലേക്കു നീങ്ങുന്നു. ഇരു പാര്‍ട്ടികളും പ്രത്യേകമായി ഗവര്‍ണറെ ഇന്നു കണ്ടു.

രാവിലെ പത്തരയ്ക്ക് ശിവസേനാ നേതാവ് ദിവാകര്‍ റൗട്ടും 11 മണിക്ക് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കണ്ടു.

ഔദ്യോഗിക വിഷമായിരുന്നില്ല കൂടിക്കാഴ്ചകളുടെ വിഷയം എന്ന് ഇരുപാര്‍ട്ടികളും പ്രതികരിച്ചെങ്കിലും കാര്യങ്ങള്‍ അത്ര സുഖകരമല്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ദീപാവലിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ച മാത്രമായിരുന്നു ഇതെന്നും ഗവര്‍ണറെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കണ്ട് ദീപാവലി ആശംസകള്‍ നേര്‍ന്നുവെന്ന് റൗട്ട് പറഞ്ഞു. രാഷ്ട്രീയ ചര്‍ച്ചകളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി ദേശീയാധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ മുഖ്യമന്ത്രി പദത്തില്‍ തീരുമാനമെടുക്കുന്നതുവരെ സര്‍ക്കാര്‍ രൂപീകരണം വൈകുമെന്ന് ശിവസേന വ്യക്തമാക്കിയിരുന്നു.

മുഖ്യമന്ത്രിപദം രണ്ടരവര്‍ഷം വീതം പങ്കുവെയ്ക്കണമെന്ന തങ്ങളുടെ ആവശ്യം എഴുതിനല്‍കണമെന്നാണ് പാര്‍ട്ടി നേതാവ് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശിവസേനാ നേതാവ് പ്രതാപ് സര്‍നായിക് പറഞ്ഞു.

പാര്‍ട്ടി എം.എല്‍.എമാര്‍ ഉദ്ധവുമായി ഇന്നു നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. അമിത് ഷായോ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഇക്കാര്യം എഴുതി നല്‍കണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

50:50 ഫോര്‍മുലയില്ലാതെ സര്‍ക്കാര്‍ രൂപീകരണവുമായി തങ്ങള്‍ മുന്നോട്ടുപോകില്ലെന്നാണ് സര്‍നായിക് പറഞ്ഞത്. അതേസമയം തങ്ങളില്‍ നിന്ന് ആര് മുഖ്യമന്ത്രിയാകുമെന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ആദിത്യ താക്കറെ മുഖ്യമന്ത്രിയാകണമെന്നാണ് ശിവസേനാ എം.എല്‍.എമാരുടെ ആവശ്യം. എന്നാല്‍ ഉദ്ധവാണ് ഇതില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും സര്‍നായിക് പറഞ്ഞു.

288 അംഗ നിയമസഭയില്‍ 105 സീറ്റാണ് ബി.ജെ.പിക്കുള്ളത്. സേനയ്ക്ക് 56 സീറ്റും. എന്‍.സി.പി 54 സീറ്റ് നേടിയപ്പോള്‍ കോണ്‍ഗ്രസ് 44 എണ്ണം നേടി.