| Monday, 21st October 2019, 1:12 pm

എണ്‍പതാം വയസ്സിലും വര്‍ധിത വീര്യത്തോടെ പവാര്‍ ഇറങ്ങി; മഹാരാഷ്ട്രയിലെ കണക്കുകളില്‍ മാറ്റം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് സെപ്തംബര്‍ 21നാണ്. ആ സമയത്ത് ബി.ജെ.പി-ശിവസേന സഖ്യം വലിയ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും അനായാസമാണ് ഭരണസഖ്യത്തിന് അധികാരത്തിലേക്കുള്ള വഴി എന്നതായിരുന്നു അന്നത്തെ പൊതുവേയുള്ള വിലയിരുത്തല്‍.

എന്നാല്‍ പ്രചരണം മുറുകയും തിങ്കളാഴ്ച ബൂത്തുകളിലേക്ക് മഹാരാഷ്ട്ര ജനത വരുമ്പോള്‍ ഒരു മാസം മുമ്പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. സംസ്ഥാനത്തെ ഓരോ മണ്ഡലത്തിലും പൊരിഞ്ഞ പോരാട്ടം തന്നെയാണ് നടക്കുന്നത്.

മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം ഒരു പക്ഷേ വിജയിച്ചേക്കാം. പക്ഷെ പ്രതിപക്ഷം കടുത്ത മത്സരം ഉണ്ടാക്കിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുകയാണിപ്പോള്‍.

ബി.ജെ.പി പ്രതീക്ഷിക്കുന്നത്….

സംസ്ഥാനത്തെ ആകെയുള്ള 288 സീറ്റുകളില്‍ 200 സീറ്റുകളില്‍ ബി.ജെ.പി-ശിവസേന സഖ്യം വിജയിക്കുമെന്നാണ് ബി.ജെ.പി വിലയിരുത്തല്‍. ബി.ജെ.പി 135-145 സീറ്റുകളിലും ശിവസേന 70 സീറ്റുകളിലും. 200 സീറ്റുകളിലധികം നേടിയാല്‍ വിമതല്‍ പ്രശ്‌നമുണ്ടാക്കില്ലെന്നാണ് ബി.ജെ.പി കരുതുന്നത്. ബി.ജെ.പി വിമതരുടെ പിന്തുണയോടെ സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം നേടുമെന്നും ശിവസേനയ്ക്ക് കിട്ടുന്ന സീറ്റുകള്‍ നിയമസഭയില്‍ കരുത്തേകുമെന്നാണ് ബി.ജെ.പി വൃത്തങ്ങളിലുള്ളവര്‍ പറയുന്നത്.

കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യത്തിന്റെ കണക്കൂകൂട്ടല്‍

ഭരണസഖ്യം 150-170 സീറ്റ് വരെ നേടും. പ്രതിപക്ഷം 100 സീറ്റിനപ്പുറത്ത് സ്വന്തമാക്കും. 30 മണ്ഡലങ്ങളിലെങ്കിലും വിമതരും പാര്‍ട്ടിക്കകത്തെ ഗ്രൂപ്പും ഭരണസഖ്യത്തിന്റെ

വിജയസാധ്യതയെ ബാധിക്കും. അതിനാല്‍ ചെറിയ സീറ്റുകളുടെ മാര്‍ജിനില്‍ മാത്രമായിരിക്കും ഭരണകക്ഷി ഭരണം നിലനിര്‍ത്തുക എന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍.

പ്രതിപക്ഷം കളത്തിലേക്ക് എത്തിയത് ഇങ്ങനെ

സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ട മൂന്നുമേഖലകളിലും വ്യത്യസ്ത വിഷയങ്ങളിലുള്ള ജനരോഷമാണ് ഭരണകക്ഷികള്‍ നേരിടുന്നത്. കാര്‍ഷിക പ്രശ്‌നങ്ങള്‍, പ്രളയ ദുരിതാശ്വാസം എത്തിക്കുന്നതില്‍ പരാജയപ്പെട്ടത് എന്നിവയാണ് പ്രധാന പ്രശ്‌നങ്ങള്‍.

രണ്ടാമത്തെ കാരണം ശരത് പവറാണ്. പ്രതിപക്ഷത്തിന്റെ പ്രചരണം മികച്ചതാക്കാന്‍ ശരത് പവാറിന്റെ പ്രകടനം നല്ല പോലെ സഹായിച്ചു. ശരത് പവാറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ ഡയറക്ടറേറ്റ് നല്‍കിയ നോട്ടീസ് എന്‍.സി.പി പ്രചരണ യോഗങ്ങളില്‍ മികച്ച രീതിയില്‍ ഉപയോഗിച്ചു. പശ്ചിമ, മധ്യ മഹാരാഷ്ട്രയില്‍ എന്‍.പി.യുടെ പരമ്പരാഗത പിന്തുണ തിരിച്ചു പിടിക്കാന്‍ ഇത് സഹായിച്ചേക്കും.

സാമ്പത്തിക പ്രതിസന്ധിയും പ്രളയ ദുരിതാശ്വാസമെത്തിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതും തൊഴില്‍ നഷ്ടവും പ്രതിപക്ഷം പ്രചരണത്തിനിടെ ഉപയോഗിച്ചു. കശ്മീരും പുല്‍വാമയുമല്ല ഇവിടത്തെ വിഷയമെന്ന് തുടര്‍ച്ചയായി പറഞ്ഞു. കോണ്‍ഗ്രസിനേക്കാല്‍ മികച്ച സ്ഥാനാര്‍ത്ഥികളെയാണ് എന്‍.സി.പി തെരഞ്ഞെടുത്തത്. ഇതും സീറ്റുകള്‍ നേടാന്‍ എന്‍.സി.പിയെ സഹായിച്ചേക്കും.

ശരത് പവാറാണ് പ്രതിപക്ഷ പ്രചരണത്തെ നയിച്ചത്. കോണ്‍ഗ്രസ് ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസ് കൂടിയുണ്ടായിരുന്നുവെങ്കില്‍ ചിത്രം മാറിയേനെയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ അത് തന്ത്രമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പറയുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോണ്‍ഗ്രസ് തങ്ങളുടെ മുതിര്‍ന്ന നേതാക്കളോടെല്ലാം മണ്ഡലങ്ങളിലും ജില്ലകളിലും കേന്ദ്രീകരിച്ച് സീറ്റുകള്‍ ഉറുപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ഇത് മിനിമം സീറ്റുകളെങ്കിലും ഉറപ്പിക്കാന്‍ സഹായിക്കുമെന്നാണ് കോണ്‍ഗ്രസ് വാദം.

ഒക്ടോബര്‍ 24നാണ് തെരഞ്ഞെടുപ്പ് ഫലം വരിക. ആരുടെ തന്ത്രങ്ങളാണ് വിജയം കണ്ടതെന്ന് അന്ന് അറിയാം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more