| Friday, 28th June 2024, 5:57 pm

ജയ് ഫലസ്തീന്‍ മുദ്രാവാക്യം; ഉവൈസിയുടെ നാവ് അരിയുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ച് ബി.ജെ.പി എം.എല്‍.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ലോക്‌സഭയില്‍ സത്യപ്രതിജ്ഞക്കിടെ ജയ് ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ച എ.ഐ.എം.ഐ.എം എം.പി അസദുദ്ദീന്‍ ഉവൈസിക്കെതിരെ പ്രകോപനപരമായ പ്രസ്താവനയുമായി മഹാരാഷ്ട്രയിലെ ബി.ജെ.പി എം.എല്‍.എ നിതേഷ് റാണെ. ഫലസ്തീന്‍ അനുകൂല മുദ്രാവാക്യം വിളിച്ച ഉവൈസിയുടെ നാവ് അറക്കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്നാണ് ബി.ജെ.പി നേതാവ് പറഞ്ഞത്.

ലോക്‌സഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഉവൈസി ജയ് ഫലസ്തീന്‍ വിളിച്ചതിന് മറുപടിയായാണ് ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം. പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ ആരെങ്കിലും ‘ജയ് ശ്രീറാം’ അല്ലെങ്കില്‍ ‘വന്ദേമാതരം’ വിളിച്ചാല്‍ അവര്‍ക്ക് ജീവനോടെ പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് നിതേഷ് റാണെ മാധ്യമങ്ങളോട് പറഞ്ഞു.

‘നമ്മുടെ രാജ്യത്ത് ശത്രു രാജ്യങ്ങളെയും തീവ്രവാദികളെയും പിന്തുണക്കുന്ന ശബ്ദങ്ങള്‍ നമുക്ക് കേള്‍ക്കേണ്ടി വരുന്നു. ഇത്തരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നവരെ പാര്‍ലമെന്റിന് പുറത്ത് ഇരുകാലില്‍ നില്‍ക്കാന്‍ അനുവദിക്കരുത്. ഇതിപ്പോള്‍ പാകിസ്ഥാനിലോ ചൈനയിലോ ആയിരുന്നെങ്കില്‍ പാര്‍ലമെന്റില്‍ ഇത് അനുവദിക്കില്ലായിരുന്നു.

അസദുദ്ദീന്‍ ഉവൈസിയുടെ നാവ് മുറിച്ച് എന്റെ അടുക്കല്‍ കൊണ്ടുവരുന്നവര്‍ക്ക് പ്രതിഫലം തരാം. ജയ് ഫലസ്തീന്‍ എന്ന് പറഞ്ഞ് ഉവൈസിക്ക് എങ്ങനെയാണ് പാര്‍ലമെന്റ് വിടാന്‍ സാധിച്ചത്. ഇത്തരമൊരു പ്രവർത്തി ചെയ്യുന്ന ഒരാളെ ഒരു രാജ്യവും ജീവനോടെ വിടില്ല,’ നിതേഷ് റാണെ പറഞ്ഞു.

ജൂണ്‍ 25നാണ് ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ ഉവൈസി ജയ് ഫലസ്തീന്‍ മുദ്രാവാക്യം മുഴക്കിയത്. പിന്നാലെ ബി.ജെ.പി സഭയില്‍ ബഹളം വെച്ചിരുന്നു. പിന്നീട് സഭയ്ക്ക് പുറത്തും ഉവൈസിക്കെതിരെ ബി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.

അതിനിടെ, ഉവൈസിയുടെ ദല്‍ഹിയിലെ വസതിക്ക് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. അഞ്ചോ ആറോ അംഗങ്ങളുള്ള ഒരു സംഘം അദ്ദേഹത്തിന്റെ വസതിയിൽ ഇസ്രഈൽ അനുകൂല പോസ്റ്ററുകൾ ഒട്ടിക്കുകയും കരി ഓയിൽ ഒഴിക്കുകയും ചെയ്തു. ലോക്സഭയിൽ നിന്ന് ഉവൈസിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് സംഘം ആക്രമണം നടത്തിയത്.

സെൻട്രൽ ദൽഹിയിൽ സ്ഥിതി ചെയ്യുന്ന ഉവൈസിയുടെ 34 അശോക റോഡിലെ വസതിയിൽ സംഘം എത്തുകയും വീടിന്റെ പ്രവേശന കവാടത്തിലും മതിലിലും പോസ്റ്ററുകൾ ഒട്ടിക്കുകയായിരുന്നു. രാത്രി ഒമ്പത് മണിയോടെയാണ് അക്രമികൾ എത്തിയതെന്ന് പൊലീസ് പറഞ്ഞു.

Content Highlight: Maharashtra BJP MLA offers reward for ‘cutting off Owaisi’s tongue’

We use cookies to give you the best possible experience. Learn more