മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസ് (സി.എം.ഒ) ഒരു വര്‍ഷം ചായക്കായി ചെലവഴിക്കുന്ന തുക 58 ലക്ഷം രൂപയില്‍ (2015-2016) നിന്നും 3.4 കോടി രൂപയായി (2017-2018) ഉയര്‍ന്നെന്ന് വിവരാവകാശ രേഖ. കണക്കുകള്‍ പ്രകാരം, മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒരു ദിവസം ശരാശരി 18,500 കപ്പ് ചായയാണ് ഉപയോഗിക്കുന്നത്. സി.എം.ഒ വന്‍തോതിലുള്ള “ചായ അഴിമതി” നടത്തുന്നു എന്ന് വിവരാവകാശ രേഖ മുന്‍നിര്‍ത്തി മുംബൈ കോണ്‍ഗ്രസ് പ്രസിഡന്റ് സഞ്ചെയ് നിരുപം പറഞ്ഞു.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് ചായക്കായി ചെലവായ തുകയുടെ കണക്കുകളാണ് വിവരാവകാശ രേഖയില്‍ പറയുന്നത്. 2015-2016 കാലയളവില്‍ 57,99,150 രൂപയാണ് ചെലവഴിച്ചിരിക്കുന്നത് എങ്കില്‍ 2017-2018 കാലയളവില്‍ 3,34,65,904 രൂപയാണ് ഉപയോഗിച്ചിരിക്കുന്നത്. “577 ശതമാനം വര്‍ദ്ധനവാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ദിവസം ശരാശരി 18,591 കപ്പ് ചായയാണ് ഓഫീസില്‍ ഉപയോഗിക്കുന്നത്… അത് എങ്ങനെ സാധ്യമാകും?”, സഞ്ചെയ് നിരുപം ചോദിച്ചു.
“എന്ത് തരം ചായയാണ് ഫഡ്‌നാവിസ് കുടിക്കുന്നത്? ഗ്രീന്‍ ടീ, യല്ലോ ടീ എന്നിവ മാത്രമാണ് നമ്മള്‍ കേട്ടിട്ടുള്ളത്. ഇത്രയും ഉയര്‍ന്ന ബില്‍ വരാന്‍ മുഖ്യമന്ത്രിയും സി.എം.ഒയും “സ്വര്‍ണ ചായയാണ് കുടിക്കുന്നതെന്ന് തോന്നുന്നു”, മഹാരാഷ്ട്രയിലെ ബി.ജെ.പി സര്‍ക്കാരിനെ പരിഹസിച്ചു കൊണ്ട് സഞ്ചെയ് നിരുപം പറയുന്നു. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ ദിവസവും മരണപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി സര്‍ക്കാര്‍ ചായ കുടിക്കാന്‍ കോടികള്‍ ചിലവഴിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Watch DoolNews Video: