പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വൈകുന്നേരങ്ങളില്‍ സത്കരിക്കാന്‍ ഉപദേശം; വെട്ടിലായി ബി.ജെ.പി
national news
പാര്‍ട്ടിക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ വൈകുന്നേരങ്ങളില്‍ സത്കരിക്കാന്‍ ഉപദേശം; വെട്ടിലായി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th September 2023, 8:56 am

മുംബൈ: തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കുന്ന മാധ്യമ പ്രവര്‍ത്തകരെ കണ്ടെത്തി അവരെ സത്കരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാവശ്യപ്പെട്ട് ബി.ജെ.പി മധ്യപ്രദേശ് പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ. 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ വാര്‍ത്തകള്‍ നല്‍കാതിരിക്കാനായി വേണ്ടി മാധ്യമപ്രവര്‍ത്തകരെ സത്കരിക്കാനാണ് ബവന്‍കുലെ ആവശ്യപ്പെട്ടത്.

അഹമ്മദ് നഗറിലെ പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ബവന്‍കുലെയുടെ ഓഡിയോ ക്ലിപ്പ് പുറത്തായതിന് പിന്നാലെയാണ് സംഭവം പുറത്തറിഞ്ഞത്. വലിയ വിവാദങ്ങള്‍ക്കാണ് ഇത് കാരണമായിരിക്കുന്നത്.

‘നമ്മള്‍ക്കെതിരെ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരെ ബൂത്ത് ലെവലിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ കണ്ടെത്തണം. മാസത്തിലൊരിക്കല്‍ നമ്മളവര്‍ക്ക് ചായ വാങ്ങി നല്‍കുകയും വൈകുന്നേരങ്ങളില്‍ സത്കരിക്കുകയും വേണം. ഞാന്‍ പറഞ്ഞതിന്റെ അര്‍ത്ഥം എന്താണെന്ന് മനസിലാക്കാന്‍ ബുദ്ധിയുള്ളവരാണ് നിങ്ങളെന്നാണ് എനിക്ക് മനസിലാകുന്നത്.

ഈ മാധ്യമപ്രവര്‍ത്തകരെ റോഡരികിലെ ധാബകളിലേക്ക് കൊണ്ടുപോയി അവര്‍ക്ക് വേണ്ടത് വാങ്ങി നല്‍കണം. നിങ്ങള്‍ക്കെന്തെങ്കിലും ആവശ്യമായി വന്നാല്‍, സാമ്പത്തികമായി സഹായിക്കാന്‍ നമ്മുടെ എം.പിയായ സുജയ് വിഖേ പാട്ടീല്‍ കൂടെയുണ്ടാകും. നമ്മള്‍ മാധ്യമപ്രവര്‍ത്തകരുടെ കാര്യം ശ്രദ്ധിക്കണം. നമ്മളെ കുറിച്ച് അവര്‍ മോശമായ ഒരു വാര്‍ത്തയും നല്‍കാന്‍ പാടില്ല,’ എന്നായിരുന്നു ബവന്‍കുലെ പറഞ്ഞത്.

ഈ ഓഡിയോ ക്ലിപ്പ് വൈറലായതിന് പിന്നാലെ തന്റെ വാക്കുകളെ ബോധപൂര്‍വം വളച്ചൊടിക്കുകയാണെന്ന് ബലന്‍കുലെ ആരോപിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് വര്‍ഷമായ നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്നുണ്ടെങ്കിലും ചില മാധ്യമപ്രവര്‍ത്തകര്‍ തെറ്റായാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്, അവര്‍ക്ക് ചായ വാങ്ങിക്കൊടുത്ത് മോദിയുടെ ഭരണ നേട്ടങ്ങള്‍ വിശദീകരിക്കണമെന്നാണ് താന്‍ ആവശ്യപ്പെട്ടത് എന്നാണ് ബവന്‍കുലെയുടെ വിശദീകരണം.

‘മാധ്യമപ്രവര്‍ത്തകരോട് മാന്യമായി പെരുമാറണമെന്ന് ഞാന്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെല്ലാം ഒരു ചായ വാങ്ങിക്കൊടുത്ത് അവരോട് സംസാരിക്കണം. എന്നാല്‍ ചില മാധ്യങ്ങള്‍ എന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു,’ ബവന്‍കുലെ പറഞ്ഞു.

ബവന്‍കുലെയെ ന്യായീകരിച്ച് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് രംഗത്തെത്തിയിരുന്നു.

അതേസമയം, മാധ്യമപ്രവര്‍ത്തകരെ വിലയ്‌ക്കെടുക്കാനുള്ള ശ്രമമാണെന്ന് ബി.ജെ.പി നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ സത്കരിച്ച് വിലയ്‌ക്കെടുക്കാനുള്ള ബി.ജെ.പിയുടെ ഗൂഢലക്ഷ്യത്തെ കുറിച്ച് സംസ്ഥാന പ്രസിഡന്റ് തന്നെ വെളിപ്പെടുത്തിയിരിക്കുകയാണെന്നായിരുന്നു പട്ടോല പറഞ്ഞത്. മാധ്യമപ്രര്‍ത്തകരെ അപമാനിക്കാന്‍ ശ്രമിച്ചതിന് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

 

Content highlight: Maharashtra BJP chief advises partymen to treat anti BJP journalist