മുംബൈ: ഇന്ത്യന്‍ കര്‍ഷക സമര ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച ലോംഗ് മാര്‍ച്ച് വിജയത്തിലേക്ക്. മഹാരാഷ്ട്ര സര്‍ക്കാരില്‍ സഖ്യകക്ഷികളെല്ലാം സമരത്തിനു പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ ബി.ജെ.പി നേതൃത്വം കര്‍ഷകര്‍ക്ക് മുന്നിലേക്ക് എത്തുകയാണ്. കര്‍ഷക സമരം ന്യായമാണെന്ന് പറഞ്ഞ ആര്‍.എസ്.എസ് സര്‍ക്കാരിനെ തള്ളിപ്പറഞ്ഞു നേരത്തെ രംഗത്തെത്തിയിരുന്നു.
ഇതോടെയാണ് സമരക്കാരുമായി ചര്‍ച്ചയല്ലാതെ മറ്റൊരു വഴിയുമില്ലാത്ത അവസ്ഥയിലേക്ക് സര്‍ക്കാര്‍ എത്തിയത്. ഉച്ചയ്ക്ക് ശേഷം കര്‍ഷകരുമായി ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞിരിക്കുന്നത്. ഇന്നു പുലര്‍ച്ചയോടെ ആസാദ് മൈതാനിയിലെത്തിയ കര്‍ഷകര്‍ സര്‍ക്കാര്‍ തീരുമാനം അറിയുന്നതിനായി കാത്തിരിക്കുകയാണ്.
ആവശ്യങ്ങള്‍ അംഗീകരിക്കാത്ത പക്ഷം നിയമസഭ വളയാനാണ് കിസാന്‍ സഭയുടെ തീരുമാനം. മാര്‍ച്ച് ആറിനു നാസിക്കില്‍ നിന്നാരംഭിച്ച ലോംഗ് മാര്‍ച്ച് മുംബൈയിലെത്തുമ്പോഴേക്കും മഹാരാഷ്ട്ര സര്‍ക്കാരില്‍ ബി.ജെ.പി ഒറ്റപ്പെടുന്ന കാഴ്ചയ്ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.
ആര്‍.എസ്.എസിനു പുറമെ ശിവസേന, എന്‍.സി.പി , സി.പി.ഐ, ആം ആദ്മി പാര്‍ട്ടി , എം.എന്‍.എസ് തുടങ്ങി സംസ്ഥാനത്തെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ലോംഗ് മാര്‍ച്ചിനു പിന്തുണ അറിയിച്ച് സമരരംഗത്ത് എത്തുകയായിരുന്നു.
മഹാരാഷ്ട്രയിലെ ജലവിഭവ മന്ത്രി ഗിരീഷ് മഹാജന്‍ മാര്‍ച്ചിനോടൊപ്പം ആസാദ് മൈതാനംവരെ പുലര്‍ച്ചെ നടക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കിസാന്‍ സഭ മുന്നോട്ട് വെച്ചിരിക്കുന്ന ഭൂരിപക്ഷം ആവശ്യങ്ങളും സര്‍ക്കാര്‍ നിറവേറ്റുമെന്നു മഹാജന്‍ പറഞ്ഞിരുന്നു. മഹാജനുമായി കിസാന്‍ സഭ നേതൃത്വം പ്രാരംഭ ചര്‍ച്ചകളും നടത്തി.
കര്‍ഷക സമരം ബി.ജെ.പി സര്‍ക്കാരിനെ തകര്‍ക്കുമെന്നാണ് ശിവസേന പ്രതികരിച്ചത്. മുഖപത്രമായ സാമ്നയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് ശിവസേനയുടെ രൂക്ഷവിമര്‍ശനം. ലോങ്ങ് മാര്‍ച്ചിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ മഹാരാഷ്ട്ര നിയമസഭ ബഹിഷ്‌ക്കരിക്കുമെന്നും ശിവസേന പ്രഖ്യാപിച്ചു.
കര്‍ഷകരുടെ ആവശ്യങ്ങളെക്കുറിച്ചു പഠിക്കാന്‍ 6 അംഗ കമ്മിറ്റിയെ നിയമിച്ച മുഖ്യമന്ത്രി ഫഡ്നാവിസ് ആര്‍.എസ്.എസും കര്‍ഷക സമരത്തെ പിന്തുണച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ്.