മുംബൈ: ഹാജി അലി ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ അനുകൂലിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഇതു സംബന്ധിച്ച നിലപാട് വ്യക്തമാക്കുകയായിരുന്നു സര്‍ക്കാര്‍.
ദര്‍ഗയിലേക്ക് സ്ത്രീകളെ പ്രവേശിക്കുന്നതിനെ വിലക്കാന്‍ ട്രസ്റ്റ് അധികൃതര്‍ക്ക് അവകാശമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ ശ്രീഹരി അനേയ് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഭരണഘടന അനുശാസിക്കുന്ന മൗലികവാകാശമായ സമത്വം ഉറപ്പുവരുത്തണമെന്നും ഖുറാനിലും മതത്തിലും പറഞ്ഞതു പ്രകാരമാണ് സ്ത്രീകളെ വിലക്കുന്നതെന്ന് ടസ്റ്റിന് തെളിയിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സ്ത്രീകളെ ദര്‍ഗയില്‍ പ്രവേശിപ്പിക്കണമെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു.
2011ല്‍ മുതലാണ് സൂഫി വിശ്വാസികളുടെ ആരാധാനാലയമായ മുംബൈയിലെ ഹാജി അലി പള്ളിയ്ക്കുള്ളില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് നിരോധിച്ചത്. വിശുദ്ധന്റെ ശവകുടീരത്തിനു തൊട്ടടുത്തായി സ്ത്രീകള്‍ നില്‍ക്കുന്നത് ഇസ്‌ലാമില്‍ “വലിയ പാപമാണ്” എന്നു പറഞ്ഞുകൊണ്ടാണ് നിരോധനം കൊണ്ടുവന്നത്.
ഇതിനെതിരെ ഭാരതീയ മുസ്‌ലിം മഹിള ആന്തോളന്‍ ബോംബെ ഹോക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്ന കാര്യത്തില്‍ സര്‍ക്കാരിന്റെ തീരുമാനം വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു.