കൊവിഡ് വ്യാപനം നിയന്ത്രണാതീതം; ലോക്ഡൗണ്‍ നീട്ടി മഹാരാഷ്ട്രയും തമിഴ്‌നാടും, അടച്ചിടല്‍ മെയ് 31 വരെ
COVID-19
കൊവിഡ് വ്യാപനം നിയന്ത്രണാതീതം; ലോക്ഡൗണ്‍ നീട്ടി മഹാരാഷ്ട്രയും തമിഴ്‌നാടും, അടച്ചിടല്‍ മെയ് 31 വരെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th May 2020, 4:42 pm

മുംബൈ/ചെന്നൈ: കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി കൂടുന്ന പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് മഹാരാഷ്ട്രയും തമിഴ്‌നാടും. മെയ് 31 വരെയാണ് ഇവിടെ ലോക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മൂന്നാംഘട്ട ലോക്ഡൗണ്‍ അവസാനിക്കാനിരിക്കെയാണ് ഇരുസംസ്ഥാനങ്ങളുടെയും തീരുമാനം.

സംസ്ഥാനം കൊവിഡ് ഭീഷണിയിലാണെന്നും അടിയന്തിരമായി നടപടികള്‍ സ്വീകരിക്കുമെന്നും മഹാരാഷ്ട്ര ചീഫ് സെക്രട്ടറഹി അജോയ് മേത്ത പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ഉടന്‍ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘മൂന്നാംഘട്ട ലോക്ഡൗണ്‍ ഇന്ന് അവസാനിക്കുകയാണ്. നാളെ മുതല്‍ മഹാരാഷ്ട്ര നാലാംഘട്ട ലോക്ഡൗണിലേക്ക് നീങ്ങുന്നു. ഇത് മെയ് 31 വരെ നീളും’, അദ്ദേഹം പറഞ്ഞു. ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ ഇളവുകള്‍ അനുവദിക്കും. അവശ്യസാധനങ്ങളുടെ വിതരണവും മറ്റും പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

തമിഴ്‌നാട്ടിലും സമാന നിയന്ത്രണങ്ങള്‍ മെയ് 31 വരെ തുടരും എന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ 12 ജില്ലകള്‍ അതിതീവ്ര വ്യാപന പ്രദേശങ്ങളാണ്. ഇവിടെ മൂന്നാംഘട്ട ലോക് ഡൗണ്‍ അതേരീതിയില്‍ തന്നെ തുടരും. മറ്റ് ജില്ലകളില്‍ ഇളവുകള്‍ അനുവദിക്കും.

പൊതുഗതാഗതം ആരംഭിക്കേണ്ടെന്നും തമിഴ്‌നാട് തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിലെ നിശ്ചിത വ്യാപാര സ്ഥാപനങ്ങള്‍ക്ക് പകുതി ജീവനക്കാരെവെച്ച് പ്രവര്‍ത്തിക്കാം എന്നാണ് തീരുമാനം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.