മുംബൈ: ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര ഉപമുഖ്യമുന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ അജിത് പവാറിനെതിരായ അഴിമതിക്കേസില്‍ അന്വേഷണം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍.
70000 കോടി രൂപയുടെ അഴിമതിക്കേസില്‍ മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യൂറോയാണ് ക്ലീന്‍ ചിറ്റ് നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ജലസേചന പദ്ധതി അഴിമതി കേസിലാണ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്ത് ബി.ജെ.പി അജിത് പവാറിനെതിരെ ഉയര്‍ത്തിയ മുഖ്യ ആരോപണങ്ങളിലൊന്നായിരുന്നു ജലസേചന പദ്ധതിയിലെ അഴിമതിക്കേസ്.
കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. അജിത് പവാറിന് എതിരായി തെളിവുകളില്ലെന്ന് അഴിമതി വിരുദ്ധ ബ്യൂറോ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. അഴിമതിയുമായി ബന്ധപ്പെട്ട് ഒന്‍പതു കേസുകളാണ് അഴിമതി വിരുദ്ധ ബ്യൂറോ ഇന്ന് അവസാനിപ്പിച്ചത്.
ബി.ജെ.പിക്കൊപ്പം നിന്നതിനുള്ള സമ്മാനമാണ് അജിത് പവാറിനുള്ള ക്ലീന്‍ ചിറ്റ് എന്നാണ് എന്‍.സി.പിയും ശിവസേനയും ഒരുപോലെ ആരോപിച്ചത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
അജിത് പവാര്‍ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നതായി ആരോപണം ഉയര്‍ന്നത്. വകുപ്പിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കുവരെ അഴിമതിയില്‍ പങ്കുണ്ടെന്നും എന്നാല്‍ അജിത് പവാറിന് പങ്കില്ലെന്നും പുതിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്.
അതേസമയം അജിത് പവാറിന് ക്ലീന്‍ചിറ്റ് നല്‍കി എന്ന വാര്‍ത്തയ്ക്ക് പിന്നാലെ അഴിമതി വിരുദ്ധ വിരുദ്ധ ബ്യൂറോ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. 70,000കോടി രൂപയുടെ അഴിമതിക്കേസുകളില്‍ ഒന്‍പതു കേസുകള്‍ അവസാനിപ്പിച്ചു. എന്നാല്‍ അവസാനിപ്പിച്ച കേസുകള്‍ അജിത് പവാറുമായി ബന്ധപ്പെട്ടതല്ല എന്നാണ് അഴിമതിവിരുദ്ധ ബ്യൂറോ വിശദീകരിച്ചത്.