മുംബൈ: മഹാരാഷ്ട്ര പുതിയ വഴിത്തിരിവിലേക്ക്. എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മുംബൈയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ 54 എം.എല്‍.എമാരില്‍ 42 പേരും പങ്കെടുത്തു.
വൈ.ബി ചവാന്‍ സെന്ററിലാണ് യോഗം ചേര്‍ന്നത്. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത ഏഴ് എം.എല്‍.എമാര്‍ യോഗത്തിനെത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചത് ചോദ്യം ചെയ്ത് മൂന്ന് കക്ഷികളും സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ശിവസേന, കോണ്‍ഗ്രസ്, എന്‍സിപി കക്ഷികളാണ് സുപ്രീം കോടതിയില്‍ സംയുക്ത ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഇന്ന് തന്നെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ നിയമസഭാ സമ്മേളനം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്.എന്‍.സി.പി യോഗത്തില്‍ അജിത് പവാര്‍ പങ്കെടുത്തില്ല.
ശരത് പവാറിന് വലിയ ആശ്വാസം നല്‍കി മുതിര്‍ന്ന നേതാവ് ധനഞ്ജയ് മുണ്ഡെ എം.എല്‍.എ തിരികെയെത്തി. പവാറിനെ സംബന്ധിച്ചിടത്തോളം മുണ്ഡയുടെ തിരിച്ചു വരവ് ഈ നിര്‍ണ്ണായക സമയത്ത് ആശ്വാസം പകര്‍ന്നതാണ്.
അജിത്ത് പവാറിനോടൊപ്പമാണ് ധനഞ്ജയ് എന്നാണ് കരുതിയിരുന്നത്. എന്‍.സി.പിയ്ക്കകത്ത് വലിയ സ്വാധീനമുള്ള ധനഞ്ജയ് മുണ്ഡെ അജിത്ത് പവാറിനോടൊപ്പം ഉണ്ടായാല്‍ എം.എല്‍.എമാരെ കൂറുമാറ്റിക്കാന്‍ സാധ്യതതയുണ്ടെന്നാണ് വിലയിരുത്തിയിരുന്നത്.