മഹാരാഷ്ട്ര: ഔറംഗബാദില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും പൊലീസ് വെടിവെപ്പിലുമായി 17 വയസുകാരനുള്‍പ്പെടെ രണ്ട് പേര്‍ മരിക്കുകയും അമ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാന്ധി നഗര്‍, രാജ ബസാര്‍, ഷാ ഗന്‍ജ്, സരഫ മേഖലകളിലാണ് കലാപം നടന്നത്.
പ്രദേശത്തെ ആരാധനാലയത്തിലെ വെള്ളത്തിന്റെ കണക്ഷനുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കലാപത്തിന് വഴി വെച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസിന് കലാപകാരികള്‍ക്ക് നേരെ വെടിവെക്കേണ്ടി വന്നു.
വെടി വെപ്പില്‍ 17 വയസുകാരനും സംഘര്‍ഷത്തില്‍ 65 വയസുകാരനുമാണ് മരിച്ചതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശത്ത് 144 പ്രഖ്യാപിച്ചിരിക്കുകയാണ്. കലാപത്തിനെ തുടര്‍ന്ന് പൊലീസ് 37 പേരെ കസ്റ്റഡിയില്‍ എടുത്തു.
നൂറിലധികം ഷോപ്പുകളും 80 വാഹനങ്ങളും കലാപകാരികള്‍ കത്തിച്ചുട്ടുണ്ട്. ഔറംഗാബാദിലെ സ്ഥിതി നിയന്ത്രണത്തിലാണെന്നും, അക്രമത്തിന്റെ ഉത്തരവാദികളായവര്‍ക്ക് നേരെ കര്‍ശനമായ നടപടികള്‍ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. കലാപവും രണ്ടുപേരുടെ മരണവും “ദൗര്‍ഭാഗ്യകരമെന്ന്” ആഭ്യന്തരമന്ത്രി രഞ്ജിത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു.