ലഖ്‌നൗ: അക്ബറോ ഔറംഗസേബോ അല്ല, മഹാറാണ പ്രതാപും ശിവജിയുമാണ് ദേശീയ നായകരെന്നും അവരെ അംഗീകരിക്കാത്തവർക്ക് വൈകല്യമുണ്ടെന്നുമുള്ള വാദവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
‘നമ്മുടെ ആദർശങ്ങളും ദേശീയ നായകന്മാരും അക്ബറോ ഔറംഗസേബോ അല്ല, മഹാറാണ പ്രതാപ്, ശിവജി, ഗുരു ഗോവിന്ദ് സിങ് എന്നിവരാണ്,’ യോഗി പറഞ്ഞു. ദാദ്രിയിൽ ‘വീർ ശിരോമണി മഹാറാണ പ്രതാപി’ന്റെ പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അക്ബറിന് ഒരിക്കലും ഒരു നായകനാകാൻ കഴിയില്ല. അക്ബറായാലും ഔറംഗസേബായാലും, ഹിന്ദുക്കളോടുള്ള അവരുടെ മാനസികാവസ്ഥ ഒന്നുതന്നെയായിരുന്നു. ഇന്ത്യയുടെ പാരമ്പര്യത്തെ ചവിട്ടിമെതിക്കാൻ അവർ നിരവധി ഗൂഢാലോചനകൾ നടത്തി,’ യോഗി പറഞ്ഞു. ഇരുപതിനായിരം സൈനികരുള്ള ദശലക്ഷക്കണക്കിന് സൈന്യത്തോട് പോരാടുന്ന ഒരു യോദ്ധാവിന് മാത്രമേ യഥാർത്ഥ നായകൻ ആകാൻ കഴിയൂ എന്ന് യോഗി കൂട്ടിച്ചേർത്തു.
‘മഹാറാണാ പ്രതാപിന് ദേശീയ നായകന്റെ പദവി നൽകിയത് ഹൽദിഘട്ടിയാണ്. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് മേവാറിന്റെ നഷ്ടപ്പെട്ട പ്രദേശങ്ങൾ തിരിച്ചുപിടിച്ചുകൊണ്ട് അക്ബറിനെ കൊണ്ട് അദ്ദേഹം മുട്ട് കുത്തിച്ചു. അദ്ദേഹത്തിന്റെ കുതിരയായ ചേതക്കിന്റെ ഭക്തിയും അത്ഭുതകരമായിരുന്നു. ഇന്നും ആളുകൾ ഹാൽഡിഘട്ടിയുടെ മണ്ണിനെ ഒരു തീർത്ഥാടന കേന്ദ്രമായി ബഹുമാനിക്കുന്നു,’ യോഗി പറഞ്ഞു.
ഇന്നത്തെ തലമുറയ്ക്ക് ഇവർ പ്രചോദനമാകണമെന്നും യോഗി പറഞ്ഞു. മഹാറാണ പ്രതാപ്, ഛത്രപതി ശിവാജി, ഗുരു ഗോവിന്ദ് സിങ് തുടങ്ങിയ ദേശീയ നായകന്മാരുടെ സ്വഭാവം, ജീവിതം, വ്യക്തിത്വം എന്നിവയിൽ നിന്നാണ് അവർക്ക് പ്രചോദനം ലഭിക്കേണ്ടതെന്നും യോഗി കൂട്ടിച്ചേർത്തു.
‘ഈ ദേശീയ നായകന്മാരെ എല്ലാ സാഹചര്യങ്ങളിലും ബഹുമാനിക്കണം. ഈ ദേശീയ നായകന്മാരെ ബഹുമാനിക്കാൻ കഴിയാത്തവർ വൈകല്യം ഉള്ളവരാണ്. അവർക്ക് ചികിത്സ ആവശ്യമാണ്. കാരണം അവരെ ബഹുമാനിക്കാതെ ഇന്നത്തെ തലമുറയ്ക്ക് മുന്നോട്ട് പോകാനോ പ്രചോദനം നേടാനോ കഴിയില്ല,’ യോഗി കൂട്ടിച്ചേത്തു.
കൂടാതെ മഹാ കുംഭ മേളയെക്കുറിച്ചും യോഗി സംസാരിച്ചു. കുംഭമേളയെക്കുറിച്ച് ധാരാളം കിംവദന്തികൾ പരന്നിരുന്നെന്നും കിംവദന്തികൾ മഹാ കുംഭമേള സന്ദർശിക്കുന്നതിൽ നിന്ന് ആളുകളെ തടഞ്ഞില്ലെന്നും യോഗി പറഞ്ഞു.
‘കുംഭമേളയിൽ പുണ്യജലം മലിനമാണെന്ന അഭ്യൂഹങ്ങൾ അവർ പ്രചരിപ്പിച്ചു. പക്ഷേ ഒഴുകുന്ന വെള്ളവും അലഞ്ഞുതിരിയുന്ന സന്യാസിയും ഒരിക്കലും അശുദ്ധമാകില്ല,’ യോഗി പറഞ്ഞു.
അതേസമയം, വെള്ളിയാഴ്ച മഥുരയിലെ ബർസാന സന്ദർശിച്ച യോഗി ഇന്ത്യയിൽ വിവേചനം ഇല്ലെന്നും പറഞ്ഞു. ‘ഇന്ത്യയിൽ വിവേചനമില്ല. എല്ലാവരും ഒരുമിച്ച് നിറങ്ങളിൽ മുങ്ങിയിരിക്കുന്നത് ബ്രജ്ഭൂമിയുടെ രംഗോത്സവ് കാണാനെത്തിയ വിദേശികളെ അത്ഭുതപ്പെടുത്തി,’ യോഗി പറഞ്ഞു.
Content Highlight: Maharana Pratap, Veer Shivaji our national heroes, not Akbar or Aurangzeb: CM Adityanath