ന്യൂദല്‍ഹി: മോദി സര്‍ക്കാരിനെതിരെ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി ഇന്ന് ദല്‍ഹിയിലെ രാം ലീല മൈതാനിയില്‍ നടക്കും. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ഉള്‍പ്പടെ 28 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലാണ് റാലി നടക്കുക.
രാവിലെ 11 മണിക്കാണ് രാം ലീല മൈതാനിയില്‍ ഇന്ത്യാ സഖ്യത്തിന്റെ മഹാറാലി നടക്കുന്നത്. എ.എ.പിയാണ് ഈ റാലി സംഘടിപ്പിക്കുന്നത്. പ്രാധാനമായും അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെയുള്ള പ്രതിഷേധമാണെന്ന് എ.എ.പി അവകാശപ്പെട്ടെങ്കിലും പരിപാടി വ്യക്തി കേന്ദ്രീകൃതമല്ലെന്നാണ് സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ പറഞ്ഞത്.
രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, തേജസ്വി യാദവ്, സീതാറാം യച്ചൂരി തുടങ്ങിയ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സോണിയാ ഗാന്ധിയും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധ്യത ഉണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മമത ബാനര്‍ജിയും അവര്‍ക്ക് വേണ്ടി പാര്‍ട്ടി പ്രതിനിധികളെ അയക്കുമെന്നാണ് അറിയിച്ചത്. ജനാധിപത്യം സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് റാലി നടക്കുക.
കെജ്‌രിവാളിന്റെ മാത്രം വിഷയം ഉന്നയിച്ച് ഒറ്റ വ്യക്തിയെ കേന്ദ്രീകരിച്ച് റാലി നടത്തരുതെന്നാണ് കോണ്‍ഗ്രസ് നല്‍കിയ നിര്‍ദേശം. ഇന്ത്യാ സഖ്യത്തിന്റെ പ്രചരണം ശക്തിപ്പെടുത്തുക കൂടെയാണ് റാലിയുടെ പ്രധാന ലക്ഷ്യം.
Conetnt Highlight: Maharali of India Alliance today at Ram Lila Maidan; More than one lakh people will participate