അശ്ലീല ചുവരെഴുത്തുകള്‍ നിങ്ങളുടെ സിനിമയിലാണെങ്കില്‍ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുമായിരുന്നോ ? ആഷിഖ് അബുവിനും ബി. ഉണ്ണികൃഷ്ണനും മഹാരാജാസ് പ്രിന്‍സിപ്പലുടെ ചോദ്യം
Daily News
അശ്ലീല ചുവരെഴുത്തുകള്‍ നിങ്ങളുടെ സിനിമയിലാണെങ്കില്‍ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുമായിരുന്നോ ? ആഷിഖ് അബുവിനും ബി. ഉണ്ണികൃഷ്ണനും മഹാരാജാസ് പ്രിന്‍സിപ്പലുടെ ചോദ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th December 2016, 4:25 pm

ash

കൊച്ചി: മഹാരാജാസിലെ ചുവരെഴുത്ത് വിവാദത്തില്‍ സംവിധായകരായ ബി. ഉണ്ണികൃഷ്ണനും ആഷിഖ് അബും ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോളേജ് പ്രിന്‍സിപ്പല്‍ ബീന വേണുഗോപാല്‍.

കേസിന് ആസ്പദമായ ചുവരെഴുത്തുകള്‍ ആഷിഖ് അബു പറയുന്നത് പോലെ മൂത്രപ്പുരയുടെയും മറ്റും ഭിത്തിയില്‍ ആയിരുന്നില്ല. മറിച്ചു 140 ല്‍ ഏറെ വര്‍ഷം പാരമ്പര്യമുള്ളതും അനേകം മഹാന്മാരെ വാര്‍ത്തെടുത്തിട്ടുള്ളതും, പലരുടെയും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും, അനവധി ചലച്ചിത്രങ്ങളുടെ അഗ്രപാളികളില്‍ ജീവനോടെ നിലനില്‍ക്കുന്നതുമായ കേരളത്തിന്റെ ഏറ്റവും പ്രമുഖമായ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക്‌ന്റെയും ക്ലാസ്‌റൂമിന്റെയും എല്ലാവരുടെ ദൃഷ്ടിയില്‍ പതിയുന്ന ചുവരുകളില്‍ ആയിരുന്നെന്നും ബീന വേണുഗോപാല്‍ പറയുന്നു.

ഇത്തരം എഴുത്തുകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഉണ്ട് എന്ന പേരില്‍ അവിടെ തന്നെ നിലനിര്‍ത്തനമായിരുന്നുവോ ? ഇങ്ങനെ ഒരു ചുവര്‍ താങ്കളുടെ സിനിമയില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നെന്നും ബീന വേണുഗോപാല്‍ ചോദിക്കുന്നു.

ക്യാംപസിന്റെ ചുവരുകളില്‍ അര്‍ത്ഥവത്തായതും ഓര്‍മിക്കപ്പെടേണ്ടതുമായ കവിതാശകലങ്ങളും മുദ്രാവാക്യങ്ങളും പേരുകളും ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമല്ല എന്ന് എല്ലാവരെയും പോലെ തന്നെ എനിക്കും അറിയാമെന്നും പ്രിന്‍സിപ്പല്‍ പറയുന്നു.

b-unnikrishnan-01

 

ബി. ഉണ്ണികൃഷ്ണന്റെ അച്ഛന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന സ്വകാര്യ കോളേജിന്റെ ഭിത്തിയിലാണ് ഇത്തരം എഴുത്തുകള്‍ വന്നതെങ്കില്‍ അതു അദ്ദേഹം കണ്ടില്ലെന്ന് നടിക്കുമോയെന്നും ബി. ഉണ്ണികൃഷ്ണനോടായി ബീന വേണുഗോപാല്‍ ചോദിക്കുന്നു.

തനിക്ക് മുമ്പേ ഈ പ്രിന്‍സിപ്പല്‍ സീറ്റില്‍ ഇരുന്നു വിരമിച്ചവര്‍ അനവധിയാണ്. ഇതില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ആത്മാക്കള്‍ ഇവിടെ നിറഞ്ഞു നില്‍ക്കുന്നുന്നുണ്ടെങ്കില്‍ ഇവ കണ്ടാല്‍ വിങ്ങിപ്പൊട്ടാതിരിക്കുമോ ?ഇല്ല എന്ന അഭിപ്രായമാണെങ്കില്‍, ഇതിനു എതിരെ പ്രതികരിച്ചതിന് ശ്രീ.ബി ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മുന്‍പില്‍ ക്ഷമാപണം നടത്തുന്നുവെന്നും ബീന വേണുഗോപാല്‍ പറയുന്നു.

മഹാരാജാസെന്ന സ്വതന്ത്ര ക്യാംപസിനെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍ അനുവദിക്കില്ലെന്നും പ്രിന്‍സിപ്പലല്ല കുട്ടികളുടെ പക്ഷത്താണ് ശരിയെന്ന് ആഷിഖ് അബു പ്രതികരിച്ചിരുന്നു.

സ്വന്തം വിദ്യാര്‍ത്ഥികളെ തുറുങ്കിലടയ്ക്കപ്പെടേണ്ട കുറ്റവാളികളായി കാണുന്ന ഒരാള്‍ക്ക് പറഞ്ഞിട്ടുള്ള പണിയല്ല, പ്രിന്‍സിപ്പല്‍ ഉദ്യോഗമെന്നായിരുന്നു ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചിരുന്നത്.


Read more: മോദിയെ വിമര്‍ശിക്കുന്നവരെ സോഷ്യല്‍ മീഡിയ വഴി ആക്രമിക്കാന്‍ ബി.ജെ.പി നിര്‍ദേശിച്ചു: ബര്‍ക്ക ദത്തും ആമിര്‍ഖാനും ഇരയായവര്‍: വെളിപ്പെടുത്തലുമായി ബി.ജെ.പിയുടെ മുന്‍ വളണ്ടിയര്‍


ബീന വേണുഗോപാലിന്റെ മറുപടി

ആമുഖം ആയി പറയട്ടെ… സമയം പാഴാക്കാന്‍ ഇല്ലാത്തതു കൊണ്ട് ഫേസ്ബുക് വാട്‌സാപ്പ് എന്നീ നവമാധ്യമങ്ങളിലൂടെ ഏറെ ചര്‍ച്ചാവിഷയം ആയി മാറിക്കഴിഞ്ഞ മഹാരാജാസ് ചുവരെഴുത്തും ആവിഷ്‌കാര സ്വാതന്ത്ര്യവും എന്നതിനെ പറ്റി പ്രതികരിക്കാന്‍ വൈകി പോയതില്‍ ക്ഷമിക്കുക.

ഇനി കുറച്ചു നേരം ഞാന്‍ എന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഈ മാധ്യമത്തിലൂടെ ഉപയോഗപ്പെടുത്തട്ടെ…

ഇതു ശ്രീ ബി ഉണ്ണികൃഷ്ണന്‍, ആഷിക് അബു തുടങ്ങിയ സമൂഹത്തിനു നേര്‍വഴി കാണിച്ചു കൊടുക്കേണ്ട വ്യക്തികള്‍ക്കും പിന്നെ കഥ അറിയാതെ ആട്ടം ആടിയ മാന്യന്‍മാര്‍ക്കും ഉള്ള ഒരു ചെറിയ മറുപടി മാത്രം ആണ്..

ക്യാമ്പസ്സിന്റെ ചുവരുകളില്‍ അര്‍ത്ഥവത്തായതും ഓര്‍മിക്കപ്പെടേണ്ടതുമായ കവിതാശകലങ്ങളും മുദ്രാവാക്യങ്ങളും പേരുകളും ചിത്രങ്ങളും പ്രത്യക്ഷപ്പെടുന്നത് അപൂര്‍വമല്ല എന്ന് എല്ലാവരെയും പോലെ തന്നെ എനിക്കും അറിയാം. ഇവ നിരുപദ്രവമെങ്കില്‍ കണ്ടില്ല എന്ന് നടിക്കുയല്ലേ പതിവ്…

എന്നാല്‍ കേസ്നു ആസ്പദമായ ചുവരെഴുത്തുകള്‍ രണ്ടെണ്ണം മാത്രം ആയിരുന്നു..
ഇവയില്‍ ഒന്ന് ലോകത്തിലെ തന്നെ ഭൂരിഭാഗം ആളുകള്‍ വിശ്വസിക്കുന്ന മതത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതും അവഹേളിക്കുന്നതും ആയ ഒന്നായിരുന്നു.. ഇതു തന്റെ കവിതയുടെ ആശയം പ്രകടിപ്പിക്കുന്ന ഒന്നല്ല എന്ന് കവിയും സമ്മതിച്ചതാണല്ലോ..


ഇങ്ങനെ ഒരു ചുവരെഴുത്തു അവിടെ തന്നെ നിലനിര്‍ത്തിയാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകളും അത് എഴുതിയ വ്യക്തിക്ക് നേരിടേണ്ടി വരുന്ന ശിക്ഷയെ കുറിച്ചും പരിപൂര്‍ണ ബോധം ഉള്ളതിനാല്‍ അത് ഉടനെ തന്നെ മായിച്ചു കളയാന്‍ ഉള്ള നടപടി എടുക്കാന്‍ നിര്‍ദ്ദേശിക്കുക ഉണ്ടായി. അതിനു കാരണക്കാര്‍ ആയവര്‍ സഹകരിക്കാന്‍ തയാറായില്ല. ഇതു സൃഷ്ടിച്ചേക്കാവുന്ന അപകടം മനസിലാക്കിയ മറ്റു ചിലര്‍ അത് തുടച്ചു നീക്കുകയുണ്ടായി.. ആയതിനാല്‍ മതനിന്ദ പരാതി കൊടുക്കേണ്ടി വന്നില്ല..

എന്നാല്‍ രണ്ടാമത്തേത് അവിടെ തന്നെ നിന്നു.. പക്ഷെ ഈ എഴുത്തുകള്‍ വാട്‌സ്ആപ് ലൂടെയും മറ്റും പ്രചരിച്ചു കഴിഞ്ഞിരുന്നു.

രണ്ടാമത്തേത് വളെര അശ്ലീല ഭാഷയും ലൈംഗിക ചുവയുള്ളതും ആയിരുന്നു
ഇവ രണ്ടും പ്രത്യക്ഷപ്പെട്ടത് മിസ്റ്റര്‍ ആഷിക് അബു പറഞ്ഞത് പോലെ മൂത്രപ്പുരയുടെയും മറ്റും ഭിത്തിയില്‍ ആയിരുന്നില്ല. മറിച്ചു 140 ല്‍ ഏറെ വര്‍ഷം പാരമ്പര്യമുള്ളതും അനേകം മഹാന്മാരെ വാര്‍ത്തെടുത്തിട്ടുള്ളതും, പലരുടെയും ഓര്‍മകളില്‍ നിറഞ്ഞു നില്‍ക്കുന്നതും, അനവധി ചലച്ചിത്രങ്ങളുടെ അഗ്രപാളികളില്‍ ജീവനോടെ നിലനില്‍ക്കുന്നതുമായ കേരളത്തിന്റെ ഏറ്റവും പ്രമുഖമായ കോളേജിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ന്റെ യും ക്ലാസ്‌റൂമിന്റെയും എല്ലാവരുടെ ദൃഷ്ടിയില്‍ പതിയുന്ന ചുവരുകളില്‍ ആയിരുന്നു…

ഇത്തരം എഴുത്തുകള്‍ ആവിഷ്‌കാരസ്വാതന്ത്ര്യം ഉണ്ട് എന്ന പേരില്‍ അവിടെ തന്നെ നിലനിര്‍ത്തനമായിരുന്നുവോ ?? ഇങ്ങനെ ഒരു ചുവര്‍ താങ്കളുടെ സിനിമയില്‍ പെട്ടാല്‍ എഡിറ്റ് ചെയ്യാതെ പ്രദര്‍ശിപ്പിക്കുമോ എന്ന് അറിഞ്ഞാല്‍ കൊള്ളാമായിരുന്നു.
എനിക്ക് മുന്‍പേ ഈ പ്രിന്‍സിപ്പല്‍ സീറ്റില്‍ ഇരുന്നു വിരമിച്ചവര്‍ അനവധിയാണ്. ഇതില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അവരുടെ ആത്മാക്കള്‍ ഇവിടെ നിറഞ്ഞു നില്കുന്നുണ്ടെങ്കില്‍ ഇവ കണ്ടാല്‍ വിങ്ങിപ്പൊട്ടാതിരിക്കുമോ ?ഇല്ല എന്ന അഭിപ്രായമാണെങ്കില്‍, ഇതിനു എതിരെ പ്രതികരിച്ചതിന് ശ്രീ ബി ഉണ്ണികൃഷ്ണന്റെ പിതാവിന്റെ മുന്‍പില്‍ ക്ഷമാപണം നടത്തുന്നു.. താങ്കളുടെ അച്ഛന്‍ പ്രിന്‍സിപ്പല്‍ ആയിരുന്ന ആ സ്വാകാര്യ കോളേജ് ന്റെ ഭിത്തിയിലാണ് ഇത്തരം എഴുത്തുകള്‍ വന്നാല്‍ അതു കണ്ടില്ല എന്ന് നടിക്കുമോ?അറിയാന്‍ താല്പര്യം ഉണ്ട്.

ആവിഷ്‌കാര സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തവര്‍ കോളേജ് ലെ നോമിനല്‍ റോളില്‍ നിന്നും പുറത്താക്കപ്പെട്ടവരും ആയതിനാല്‍ ഇപ്പോള്‍ ഇവിടെ പഠനം തുടരാത്തവരും ആയിരുന്നു. അതു കൊണ്ടാണ് അവര്‍ക്കെതിരെ കോളേജിനുള്ളില്‍ വെച്ച് അച്ചടക്ക നടപടി സ്വീകരിക്കാന്‍ പറ്റാതിരുന്നതും, പരാതി പൊലീസിനു കൈമാറേണ്ടി വന്നതും. ഈ കാര്യം ഡീല്‍ ചെയ്യുന്നതില്‍ “കഴിവുകേട് ” കാണിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക.

31/10/2016 നു കോളേജിന്റെ പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് 20/12/2016 നു പി.ഡി.പി.പി ചുമത്തി 5 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഈ കുറ്റം ചുമത്തിയത് ചുവരെഴുത്തിന്റെ പേരില്‍ അല്ല. ഇതു പൊലീസ് തന്നെ തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. 19/12/2016 ആണ് അശ്ലീല ചുവരെഴുത്തിനെതിരെ പരാതി നല്‍കിയത്. ആ കേസിന്റെ കാര്യത്തില്‍ പൊലീസ് നടപടി എടുത്തിട്ടില്ല എന്ന് പോലീസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടല്ലോ. ഈ രണ്ടു പരാതികളും കൂട്ടിക്കുഴച്ചു എല്ലാവരെയും ആശയക്കുഴപ്പത്തില്‍ ആക്കാനും medias sensationalise not sensitise എന്ന ആപ്തവാക്യം ഉറപ്പിക്കാനും മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാഹചര്യം ഉണ്ടാവുകയും ചെയ്തു.

ഇതിനെ തുടര്‍ന്നുണ്ടായ പ്രത്യാഘാതത്തെ കൂടി സൂചിപ്പിക്കട്ടെ. തങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനാണ് 21/12/2016 നു കോളേജില്‍ പ്രക്ഷോഭം അരങ്ങേറിയത് എന്ന് തെറ്റിദ്ധരിച്ച പി.ഡി.പി.പി ചുമഴ്ത്തി അറസ്റ്റിലായി പിന്നീട് ജാമ്യത്തിലിറങ്ങിയ കുട്ടികളും മറ്റു സാമൂഹ്യവിരുദ്ധരും ഇപ്പോള്‍ രണ്ടു ദിവസമായി പൂര്‍വാധികം ശക്തിയുടെയും സ്വാതന്ത്ര്യത്തോടെയും വിഹരിക്കുകയാണ്. ഇവര്‍ ഏകദേശം 3000 കുട്ടികള്‍ പഠിക്കുന്ന ഈ കോളേജിലെ 3 ശതമാനം പോലും ഇല്ല. പക്ഷെ ഇവര്‍ക്കെതിരെ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും കഴിയാതെ നിസ്സഹായരായി നോക്കി നില്‍ക്കുകയാണ് മറ്റു കുട്ടികള്‍.

അഭിപ്രായ സ്വാതന്ത്ര്യം നല്ലതു തന്നെ എന്നാല്‍ അതു പ്രകടിപ്പിക്കുന്നതിനു ഒരു നിമിഷം മുന്‍പ് സത്യാവസ്ഥ അറിയാനുള്ള മനസ്സ് കാണിച്ചാല്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കും. Maharajas college നെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കാന്‍ ഞാന്‍ കാരണമായിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. വിവാദത്തിനു കാരണമായിട്ടുള്ള ചുവരെഴുത്തിന്റെ (മായ്ചുകളയുന്നതിന്റെ മുന്‍പേ എടുത്ത ) ഫോട്ടോകളും ഇതോടൊപ്പം പോസ്റ്റ് ചെയ്യുന്നു..