കൊച്ചി: വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയ്ക്ക് നീതി നിഷേധിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന് നേരെ എറണാകുളം മഹാരാജാസ് കോളേജില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം.
കോളേജില്‍ ഉദ്ഘാടനത്തിനായി എത്തിയ എം.സി ജോസഫൈന്‍ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.
“ആര്‍.എസ്.എസിന് വിടുപണി ചെയ്യും വനിതാ കമ്മീഷന്‍ തുലയട്ടെ” എന്ന മുദ്രാവാക്യം ഉയര്‍ത്തി ഫ്രീ ഹാദിയ എന്ന ബാനറുകള്‍ പിടിച്ചുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. സ്റ്റുഡന്റ്‌സ് ഫോര്‍ ഹാദിയ എന്ന വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചത്.
ആര്‍.എസ്.എസ് താത്പര്യം സംരക്ഷിക്കാനാണ് വനിതാ കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. വീട്ടുതടങ്കലില്‍ കഴിയുന്ന ഹാദിയയെ സന്ദര്‍ശിക്കാന്‍ ശ്രമിക്കാതെ നിയമതടസം ചൂണ്ടിക്കാട്ടി പോവാതിരിക്കുന്നത് നീതികേടാണെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.
ഹാദിയ വീട്ടിലെത്തിയിട്ട് മൂന്ന് മാസം മാത്രമല്ലേ ആയുള്ളൂ എന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പറയുമ്പോള്‍ അല്ല അഞ്ചുമാസമായി എന്ന് പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ തിരുത്തുകയായിരുന്നു. ഹാദിയയെ 27 ന് സുപ്രീം കോടതിയില്‍ ഹാജരാക്കുമ്പോള്‍ കൂടെപ്പോവുമോ എന്ന ചോദ്യത്തിന് ഇല്ല അക്കാര്യം കോടതി ആവശ്യപ്പെട്ടിട്ടില്ല എന്നായിരുന്നു ജോസഫൈന്റെ മറുപടി.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ നേരത്തെ പറഞ്ഞിരുന്നു. കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നു എന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മയുടെ പരാമര്‍ശം കേരളത്തിലെ സാഹചര്യം മനസിലാക്കാതെയാണെന്നായിരുന്നു ജോസഫൈന്റെ വാക്കുകള്‍.
ഹാദിയ വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പരാമര്‍ശം അനൗചിത്യമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന പരാമര്‍ശം രാഷ്ട്രീയലക്ഷ്യം മുന്‍നിര്‍ത്തിയാണോയെന്ന് സംശയിക്കുന്നതായും എം.സി ജോസഫൈന്‍ പറഞ്ഞിരുന്നു.
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്നായിരുന്നു ഇന്നലെ ഹാദിയയെ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞത്. ഹാദിയ സുരക്ഷിതയാണെന്നും കോടതിയില്‍ നിലപാട് വ്യക്തമാക്കാന്‍ ഹാദിയ കാത്തിരിക്കുയാണെന്നും രേഖാ ശര്‍മ പറഞ്ഞിരുന്നു.