2024 മഹാരാജ ട്രോഫിയില്‍ ബെംഗളൂരു ബ്ലാസ്റ്റേഴ്‌സും ഹൂബ്ലി ടൈഗേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ ഹുബ്ലിക്ക് ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ സൂപ്പര്‍ ഓവറിലായിരുന്നു ഹൂബ്ലിയുടെ വിജയം. ക്രിക്കറ്റ് ലോകം ഇന്നേവരെ കണ്ടിട്ടില്ലാത്ത ചരിത്ര നിമിഷങ്ങള്‍ക്കാണ് ഈ മത്സരം സാക്ഷ്യം വഹിച്ചത്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സ് 164 റണ്‍സിന് പുറത്താവുകയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബ്ലാസ്റ്റേഴ്സും 164 റണ്‍സിനാണ് തങ്ങളുടെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. ഒടുവില്‍ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. മൂന്നാം സൂപ്പര്‍ ഓവറില്‍ ആയിരുന്നു മത്സരത്തിന്റെ റിസല്‍ട്ട് വന്നത്.
ആദ്യ സൂപ്പര്‍ ഓവറില്‍ ഇരു ടീമുകളും പത്ത് റണ്‍സ് വീതം നേടി തുല്യത പാലിച്ചപ്പോള്‍ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങി. രണ്ടാം സൂപ്പര്‍ ഓവറിലും സമാനമായ രീതിയില്‍ തന്നെ ആയിരുന്നു അവസാനിച്ചത്. രണ്ടാം സൂപ്പര്‍ ഓവറില്‍ എട്ട് റണ്‍സാണ് ഇരുടീമുകളും നേടിയത്.
ഇതോടെ മത്സരം മൂന്നാം സൂപ്പര്‍ ഓവറിലേക്ക് നീങ്ങുകയായിരുന്നു. ഇതോടെ ഒരു ചരിത്രനേട്ടം കൂടി പിറവിയെടുക്കുകയായിരുന്നു. ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഒരു മത്സരത്തില്‍ മൂന്ന് സൂപ്പര്‍ ഓവറുകള്‍ നടക്കുന്നത്.
മൂന്നാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്ത ബ്ലാസ്റ്റേഴ്‌സ് 12 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഹൂബ്ലി ലക്ഷ്യം അവസാന പന്തില്‍ മറികടക്കുകയായിരുന്നു. ഹൂബ്ലി അഞ്ച് പന്തില്‍ ഒമ്പത് റണ്‍സ് എന്ന നിലയില്‍ നില്‍ക്കെ അവസാനം വിജയിക്കാന്‍ നാല് റണ്‍സ് വേണ്ടിവന്ന സമയത്ത് ക്രാന്തി കുമാര്‍ തകര്‍ക്കാന്‍ ബൗണ്ടറി നേടി ടൈഗേഴ്‌സിന് ആവേശകരമായ വിജയം നല്‍കുകയായിരുന്നു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടൈഗേഴ്‌സിനായി ക്യാപ്റ്റന്‍ മനീഷ് പാണ്ഡ്യ 22 പന്തില്‍ 33 റണ്‍സും മുഹമ്മദ് താഹ 14 പന്തില്‍ 31 റണ്‍സും അനീഷ്വര്‍ ഗൗതം 24 പന്തില്‍ 30 റണ്‍സും നേടി നിര്‍ണായകമായി.
ബെംഗളൂരുവിനായി അഞ്ച് വിക്കറ്റുകള്‍ നേടി ലാവിഷ് കുശാല്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഉള്‍പ്പെടെ 17 റണ്‍സ് വിട്ടു നല്‍കിയാണ് താരം അഞ്ച് വിക്കറ്റ് നേടിയത്. ക്രാന്തി കുമാര്‍ രണ്ട് വിക്കറ്റും ശുഭാങ്ക് ഹെഡ്‌ഗെ, നെശ്വര്‍ നവീന്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി നിര്‍ണായകമായി.
ബ്ലാസ്റ്റേഴ്‌സിന്റെ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ മായങ്ക് അഗര്‍വാള്‍ 34 പന്തില്‍ 54 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. ഒമ്പത് ഫോറുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്.
എന്നാല്‍ ഹൂബ്ലി ബൗളിങ്ങില്‍ മന്‍വന്ത് കുമാര്‍ നാല് വിക്കറ്റും വിധ്വത് കവേരപ്പ രണ്ട് വിക്കറ്റും എന്‍. ആര്‍ കുമാര്‍ ഒരു വിക്കറ്റും നേടി ബ്ലാസ്റ്റേഴ്സ് ബാറ്റിങ് നിരയെ സമനിലയില്‍ കുരുക്കുകയായിരുന്നു.
ഈ ആവേശകരമായ വിജയത്തോടെ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് ഹൂബ്ലി. മറുഭാഗത്ത് ആറ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും രണ്ട് തോല്‍വിയും അടക്കം എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബെംഗളൂരു.
Content Highlight: Maharaja Trophy Hubli Tigers vs Bengaluru Blasters Are Three Super Over In The Match