വര്‍ഷം 2017, ലോകേഷ് കനകരാജ് തന്റെ ആദ്യ ചിത്രമായ ‘മാനഗരം’ പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചു. അതേ വര്‍ഷം തന്നെ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഏറ്റുവാങ്ങിയ മറ്റൊരു സിനിമ കൂടി ഉണ്ടായിരുന്നു. നിതിലന്‍ സ്വാമിനാഥന്റെ ‘കുരങ്കു ബൊമ്മൈ’. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ലോകേഷ് ഇന്ത്യയിലെ ഏറ്റവും വലിയ സംവിധായകരിലൊരാളായി മാറിയപ്പോള്‍ നിതിലന്‍ തന്റെ രണ്ടാമത്തെ സിനിമയായ ‘മഹാരാജ’ തിയേറ്റററിലെത്തിച്ചതേ ഉള്ളൂ.
എന്നാല്‍ ഏഴ് വര്‍ഷം കൊണ്ട് നിതിലന്‍ ഉണ്ടാക്കിയെടുത്തത് നിസാര സിനിമയല്ലെന്ന് മഹാരാജ കാണുമ്പോള്‍ മനസിലാകും. കാലങ്ങളായി പല സിനിമയിലും പറഞ്ഞു പോരുന്ന കഥ തന്നെയാണ് സിനിമയുടെ വണ്‍ലൈന്‍.
പക്ഷേ നിതിലന്റെ ബ്രില്ല്യന്റായിട്ടുള്ള എഴുത്തിലൂടെ നോണ്‍ ലീനിയര്‍ രൂപത്തില്‍ കഥ പറഞ്ഞുപോകുന്ന മഹാരാജ കാണുമ്പോള്‍ ഈ വര്‍ഷം ഇതിനു മുകളില്‍ മറ്റൊരു മികച്ച സിനിമ ഉണ്ടാകില്ല എന്ന് നമുക്ക് തോന്നിപ്പോകും. ത്രില്ലും, കോമഡിയും, ഇമോഷനും, വയലന്‍സും ഒരു പൊടി പോലും കൂടാതെ എല്ലാം കൃത്യമായ രീതിയില്‍ ബ്ലെന്‍ഡ് ചെയ്ത സിനിമയാണ് മഹാരാജ.
സോളോ ഹീറോയായി അഭിനയിക്കുമ്പോള്‍ സമീപകാലത്ത് എടുത്തു പറയാന്‍ വലിയൊരു ഹിറ്റ് വിജയ് സേതുപതിക്ക് ഉണ്ടായിട്ടില്ല. തന്റെ 50ാമത് ചിത്രമായ മഹാരാജ ആ വാദത്തിന് മറുപടിയാണ്. നോക്കിലും നടപ്പിലും പെരുമാറ്റത്തിലും മഹാരാജ എന്ന കഥാപാത്രമായി വിജയ് സേതുപതി പകര്‍ന്നാടി. 50ാമത് സിനിമയില്‍ നായകന്റെ ഹീറോയിസത്തിന് വേണ്ടി പ്രത്യേകമായി ഒന്നും കുത്തിക്കയറ്റാതെ കിട്ടിയ ഭാഗത്ത് മക്കള്‍ സെല്‍വന്‍ തന്റെ റോള്‍ ഗംഭീരമാക്കി.
ബോളിവുഡിലെ അറിയപ്പെടുന്ന സംവിധായകനായ അനുരാഗ് കശ്യപ് തമിഴിലേക്ക് വില്ലനായി തിരിച്ചെത്തിയപ്പോള്‍ മികച്ചൊരു വേഷം തന്നെയാണ് ചെയ്തിട്ടുള്ളത്. നായകന് ചുമ്മാ എടുത്തിട്ട് തല്ലാനു കൊല്ലനുമുള്ള കഥാപാത്രമല്ല ഈ സിനിമയിലെ വില്ലന്‍ സെല്‍വ. ആ കഥാപാത്രത്തിന്റെ ഇമോഷണല്‍ ഭാഗങ്ങളെല്ലാം താരം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. വിജയ് സേതുപതിയോടൊപ്പം സ്‌ക്രീന്‍ പ്രെസന്‍സില്‍ അനുരാഗ് കശ്യപും മികച്ചുനിന്നു.
നടരാജ സുബ്രമണ്യന്‍ (നട്ടി), മുനീഷ്‌കാന്ത്, ഭാരതിരാജ എന്നിവര്‍ കിട്ടിയ വേഷം ഗംഭീരമാക്കിയപ്പോള്‍ ഞെട്ടിച്ചു കളഞ്ഞത് സിങ്കം പുലിയാണ്. കോമഡി വേഷങ്ങളില്‍ മാത്രം ഒതുങ്ങിനിന്ന സിങ്കം പുലിയില്‍ നിന്ന് ഇത്തരമൊരു കഥാപാത്രം ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു. അഭിരാമി, മമ്ത മോഹന്‍ദാസ് എന്നിവരുടെ കഥാപാത്രങ്ങളും തിരക്കഥയില്‍ മുഖ്യപങ്ക് വഹിക്കുന്നവയായിരുന്നു. ജ്യോതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സചന നമിദാസിന്റെ പെര്‍ഫോമന്‍സും എടുത്തുപറയേണ്ടതാണ്.
സിനിമയെ ഇത്രയും മനോഹരമാക്കിയ മറ്റ് രണ്ട് ഘടകങ്ങളാണ് അജനേഷ് ലോകനാഥിന്റെ സംഗീതവും, ഫിലോമിന്‍ രാജിന്റെ എഡിറ്റിങും. നായകന്‍ ഫൈറ്റ് ചെയ്യുമ്പോള്‍ ഓവര്‍ മാസ് ഫാക്ടറില്ലാത്ത എന്നാല്‍ കോരിത്തരിപ്പിക്കുന്ന ബി.ജി.എം തന്നെയാണ് അജനേഷ് ഒരുക്കിവെച്ചിരിക്കുന്നത്.
നോണ്‍ ലീനിയറായി പറയുന്ന കഥ, കാണുന്ന പ്രേക്ഷകന് ഒട്ടും മുഷിപ്പില്ലാത്ത രീതിയില്‍ ചേര്‍ത്തുവെച്ച ഫിലോമിന്‍ രാജും പ്രത്യേക കൈയടി അര്‍ഹിക്കുന്നുണ്ട്.
തമിഴ് സിനിമകളില്‍ സ്ഥിരമായി കാണുന്ന പാസം തന്നെയാണ് മഹാരാജയിലും. എന്നാല്‍ ഒരു പോയിന്റില്‍ പോലും ഇതെന്താ ഇങ്ങനെയൊരു പാസം എന്ന് തോന്നിക്കാത്തയിടത്താണ് സിനിമ വിജയിക്കുന്നത്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമായി മഹാരാജയെ മാറ്റിയതും ഇതേ കാര്യം തന്നെയാണ്.
Content Highlight: Maharaja Movie Review