| Wednesday, 3rd July 2024, 10:48 pm

സോളോ ഹീറോയായി 100 കോടി ഇല്ലെന്ന് കളിയാക്കിയവര്‍ എന്ത്യേ... മഹാരാജയിലൂടെ മക്കള്‍ സെല്‍വനും 100 കോടി ക്ലബ്ബില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമെന്ന് പലരും പ്രശംസിച്ച സിനിമയാണ് മഹാരാജ. നിതിലന്‍ സ്വാമിനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് സേതുപതിയാണ് ടൈറ്റില്‍ കഥാപാത്രമായ മഹാരാജയായി എത്തിയത്. താരത്തിന്റെ അമ്പതാമത്തെ സിനിമയാണ് മഹാരാജ. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ ഒരുപോലെ പ്രശംസിച്ചിരുന്നു.

ബോക്‌സ് ഓഫീസിലും ഗംഭീര പ്രകടനമാണ് ചിത്രം കാഴ്ചവെച്ചത്. 100 കോടി ക്ലബ്ബെന്ന നാഴികക്കല്ലിലേക്ക് ചിത്രം കയറി എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ഇക്കാര്യം അറിയിച്ചത്. ഈ വര്‍ഷം തമിഴ് ഇന്‍ഡസ്ട്രിയിലെ രണ്ടാമത്തെ 100 കോടി ചിത്രമാണ് മഹാരാജ. സോളോ ഹീറോയായി വിജയ് സേതുപതിയുടെ ആദ്യ 100 കോടി ചിത്രമാണ് ഇത്. അമ്പതാമത് ചിത്രം 100 കോടി ക്ലബ്ബില്‍ കയറ്റിയ ആദ്യ തമിഴ് നടന്‍ കൂടിയാണ് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി.

കുരങ്കു ബൊമ്മൈ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഏഴ് വര്‍ഷത്തോളമെടുത്താണ് നിതിലന്‍ തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കഥ അണിയിച്ചൊരുക്കിയത്. ആദ്യവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന നോണ്‍ ലീനിയറായ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ഒരു സീന്‍ പോലും അനാവശ്യമായി ചിത്രത്തില്‍ ഉപയോഗിച്ചിട്ടില്ല എന്നതും നിതിലനിലെ സംവിധായകന്റെ മികവ് എടുത്തു കാണിക്കുന്നതാണ്.

ബോളിവുഡ് സംവിധായകനും നടനുമായ അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. രണ്ട് പേരുടെയും പ്രകടനം ഗംഭീരമായിരുന്നു. നടരാജ് സുബ്രമണ്യം (നട്ടി), മുനീഷ്‌കാന്ത്, സിങ്കം പുലി, മംമ്ത മോഹന്‍ദാസ്, അഭിരാമി, ഭാരതിരാജ, സചന നമിദാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാന്താരാ, മംഗളവാരം, കിറിക് പാര്‍ട്ടി എന്നീ സിനിമകളിലൂടെ പ്രശസ്തനായ അജനേഷ് ലോകനാഥാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചത്.

Content Highlight: Maharaja enters to the 100 crore club

We use cookies to give you the best possible experience. Learn more