ഈ വര്‍ഷത്തെ ഏറ്റവും മികച്ച തമിഴ് സിനിമയെന്ന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസിച്ച സിനിമയാണ് മഹാരാജ. വിജയ് സേതുപതിയുടെ 50ാം സിനിമ എന്ന പ്രത്യേകതയോടുകൂടി വന്ന സിനിമക്ക് ആദ്യ ദിനം തൊട്ട് പോസിറ്റീവ് അഭിപ്രായം മാത്രമാണ് ലഭിച്ചത്. നായകനായി സമീപകാലത്ത് എടുത്തുപറയാന്‍ ഒരു ഹിറ്റില്ലാതിരുന്ന വിജയ് സേതുപതിയുടെ തിരിച്ചുവരവ് കൂടിയാണ് മഹാരാജ.
കുരങ്കു ബൊമ്മൈക്ക് ശേഷം ഏഴ് വര്‍ഷത്തോളമെടുത്ത് നിതിലന്‍ സ്വാമിനാഥന്‍ പൂര്‍ത്തിയാക്കിയ തിരക്കഥയാണ് മഹാരാജയുടേത്. നോണ്‍ ലീനിയര്‍ രീതിയില്‍ കഥ പറഞ്ഞ ചിത്രം ഈ വര്‍ഷം തമിഴിലെ രണ്ടാമത്തെ 100 കോടി ചിത്രമായി മാറി. വിജയ് സേതുപതിയുടെ കരിയറില്‍ നായകനായുള്ള ആദ്യ 100 കോടി സിനിമ കൂടിയാണ് മഹാരാജ. ഇതോടെ 50ാമത്തെ ചിത്രം 100 കോടി ക്ലബ്ബില്‍ കയറ്റിയ ആദ്യ നടനായി മാറാനും താരത്തിന് സാധിച്ചു.
തിയേറ്റര്‍ വിജയത്തിന് പിന്നാലെ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് അണിയറപ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 12 മുതല്‍ നെറ്റ്ഫ്‌ളിക്‌സിലൂടെ ചിത്രം സ്ട്രീം ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. സിനിമയുടെ ഒ.ടി.ടി റിലീസ് ട്രെയ്‌ലര്‍ നെറ്റ്ഫ്‌ളിക്‌സ് അവരുടെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടു.
വിജയ് സേതുപതിക്ക് പുറമെ ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്. നായകന് ഇടിക്കാനും തൊഴിക്കാനുമുള്ള സാധാരമ കഥാപാത്രമല്ല ഇതിലെ വില്ലന്‍ സെല്‍വ. അനുരാഗ് കശ്യപിന്റെ ഗംഭീര പ്രകടനമാണ് സിനിമയില്‍ കാണാന്‍ സാധിച്ചത്. കോമഡിയില്‍ മാത്രം ഒതുങ്ങി നിന്ന നടനായ സിങ്കം പുലിയും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു.
നടരാജ സുബ്രമണ്യം (നട്ടി), അരുള്‍ ദോസ്, മുനീഷ് കാന്ത്, അഭിരാമി, മംമ്ത മോഹന്‍ദാസ്, സചന നമിദാസ്, ഭാരതിരാജ, ബോയ്‌സ് മണികണ്ഠന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. കിറിക് പാര്‍ട്ടി, കാന്താരാ, മംഗളവാരം എന്നീ സിനിമകളിലൂടെ പ്രശസ്തനായ അജനേഷ് ലോകനാഥാണ് ചിച്രച്ചിന്റെ സംഗീതം. ഫിലോമിന്‍ രാജ് എഡിറ്റിങും ദിനേഷ് പുരുഷോത്തമന്‍ ഛായാഗ്രഹണവും നിര്‍വഹിക്കുന്നു.
Content Highlight: Maharaja announced its OTT release