| Saturday, 1st December 2018, 10:57 pm

മഹാനഖോണില്‍ നിന്നും നോക്കുമ്പോള്‍ കളിപ്പാട്ടം പോലെ ബാങ്കോക്ക് നഗരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാലിനടിയില്‍ വെള്ളപ്പരപ്പ് പോലെ ചില്ലിട്ട ഒരു തറ. അതിന് താഴെ സദാസമയവും ഓടിക്കൊണ്ടിരിക്കുന്ന ഒരു നഗരം. കൂറ്റന്‍ കെട്ടിടങ്ങളും റോഡുകളുമെല്ലാം ആകാശത്ത് നിന്ന് നോക്കുമ്പോഴെന്ന പോലെ ചെറിയ കളിപ്പാട്ടങ്ങളായി തേന്നിയേക്കാം. കേള്‍ക്കുമ്പോള്‍ ഒരു സ്വപ്നമാണെന്ന് സംശയമാകുന്നുണ്ടോ? എന്നാല്‍ സ്വപ്നമല്ല, യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരിടമുണ്ട്.

ബാങ്കോക്കിലെ “കിംഗ് പവര്‍ മഹാനഖോണ്‍” എന്ന ഏറ്റവും ഉയരം കൂടിയ കെട്ടിട സമുച്ചയത്തിന്റെ മുകളിലാണ് ഈ സ്വപ്നതുല്യമായ കാഴ്ചയൊരുക്കിയിരിക്കുന്നത്. ഏതാണ്ട് 1,030 അടി മുകളില്‍ 78ാം നിലയിലായി ഒരു ബാറിനോട് ബന്ധപ്പെട്ടാണ് ചില്ലുകൊണ്ടുള്ള വ്യൂ പോയിന്റ്. തറയും ചുവരുമെല്ലാം ചില്ലുകൊണ്ട് തീര്‍ത്തതാണ്. തറയില്‍ നിന്ന് താഴേക്ക് നോക്കിയാല്‍ ബാങ്കോക്ക് നഗരം കാണാം.


തെന്നിവീഴാതിരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ ഫാബ്രിക് ചെരിപ്പുകള്‍ ധരിച്ചുവേണം ഇങ്ങോട്ട് കയറാന്‍. എങ്കിലും അത്യാവശ്യം ധൈര്യമുണ്ടെങ്കില്‍ മാത്രമേ ഈ കാഴ്ച കാണാന്‍ വരാവൂ എന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്രയും മുകളില്‍ നിന്ന് താഴേക്കുള്ള കാഴ്ച എല്ലാവര്‍ക്കും “രസം” പകരണമെന്നില്ലെന്നും ഛര്‍ദിയും തലകറക്കവുമെല്ലാം അനുഭവപ്പെട്ടേക്കാമെന്നും ഇവര്‍ വ്യക്തമാക്കുന്നു.

ആഴ്ചകള്‍ ആയിട്ടെ ഉള്ളൂ ഇവിടം സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുത്തിട്ട്. ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നെല്ലാം മികച്ച പ്രതികരണങ്ങള്‍ വന്നുതുടങ്ങിക്കഴിഞ്ഞു.

We use cookies to give you the best possible experience. Learn more