മലപ്പുറം: വെള്ളാട്ടുപറമ്പില്‍ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പ്രയാസപ്പെടുന്ന കുടുംബങ്ങളാരും ഇനി പട്ടിണി കിടക്കേണ്ടി വരില്ല. ഒരു ഗ്രാമത്തിന്റെ വിശപ്പകറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങിയിരിക്കുകയാണ് മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റി.
കലവറ എന്നാണ് സൂപ്പര്‍മാര്‍ക്കറ്റിന് പേര്. മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകള്‍ അതിര്‍ത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് മഹല്ല് കമ്മിറ്റിയുടെ കലവറ. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന പ്രവാചകന്റെ വചനത്തെ പിന്‍പറ്റിയാണ് പദ്ധതിയൊരുക്കിയത്.
ആവശ്യമുള്ള സാധനങ്ങള്‍ എല്ലാ ദിവസവും ആളുകള്‍ക്ക് വന്നെടുക്കാം. ഒരു ദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. മസ്ജിദിനോട് ചേര്‍ന്ന് തന്നെയാണ് കലവറയുള്ളത്. ആറുമുതല്‍ എട്ട് വരെ സൂപ്പര്‍മാര്‍ക്കറ്റ് തുറന്ന് പ്രവര്‍ത്തിക്കും
മഹല്ല് പരിധിയിലുള്ള വീടുകളിലുള്ളവരാണ് കലവറയുടെ ഉപഭോക്താക്കള്‍. മതഭേതമില്ലാതെ എല്ലാവര്‍ക്കും സാധനങ്ങള്‍ വന്നെടുക്കാം. 21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പാക്കറ്റുകളാണ് ഒരു ദിവസത്തേക്ക് ആദ്യഘട്ടത്തില്‍ ലഭിക്കുക. സുരക്ഷാ സംവിധാനങ്ങളോ ജീവനക്കാരോ കലവറയുടെ മേല്‍നോട്ടം വഹിക്കാന്‍ ഇല്ല.