| Sunday, 28th July 2019, 9:00 am

17 മണിക്കൂര്‍, ദുരന്തനിവാരണ സേനയും മൂന്ന് സേനാ വിഭാഗങ്ങളും പൊലീസും നാട്ടുകാരും; വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ തീവണ്ടിയിലെ യാത്രികരെ രക്ഷപ്പെടുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: കനത്തമഴയില്‍ വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയ തീവണ്ടിയിലെ യാത്രികരെ രക്ഷപ്പെടുത്തി. 17 മണിക്കൂര്‍ എടുത്താണ് മുഴുവന്‍ യാത്രക്കാരെയും രക്ഷപ്പെടുത്തിയത്. ഒന്‍പതു ഗര്‍ഭിണികളും ഒരുമാസം മാത്രമായ കുട്ടിയുമടക്കം 1050 യാത്രികരാണ് തീവണ്ടിയിലുണ്ടായിരുന്നത്.

വെള്ളിയാഴ്ച രാത്രി മുംബൈയില്‍നിന്ന് കോലാപ്പുരിലേക്ക് പുറപ്പെട്ട മഹാലക്ഷ്മി എക്‌സ്പ്രസാണ് ശനിയാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെ പ്രളയത്തില്‍ കുടുങ്ങിയത്.

മുംബൈയില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെ ബദ്ലാപൂരിനും വാന്‍ഗനിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ കുടുങ്ങുകയായിരുന്നു.

ദുരന്തനിവാരണ സേനയുടെയും മൂന്ന് സേനാ വിഭാഗങ്ങളുടെയും പൊലീസിന്റെയും നാട്ടുകാരുടെയും സംയുക്തനീക്കത്തിലൂടെയാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. റബ്ബര്‍ ബോട്ടുകളിലാണ് യാത്രികരെ മുഴുവന്‍ പുറത്തെത്തിച്ചത്.

വെള്ളിയാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ബദ്ലാപ്പുരിലൂടെയൊഴുകുന്ന ഉല്ലാസ് നദി കരകവിഞ്ഞതാണ് പ്രളയത്തിനിടയാക്കിയത്. വണ്ടി നിര്‍ത്തിയത് സുരക്ഷിതമായ സ്ഥലത്തായിരുന്നു. എങ്കിലും പെട്ടെന്ന് പാളത്തില്‍ ജലനിരപ്പ് ഉയരാന്‍ തുടങ്ങിയത് പരിഭ്രാന്തി പരത്തി.

മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസിന്റെ നിര്‍ദേശപ്രകാരം ചീഫ് സെക്രട്ടറി അജോയ് മേത്ത രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു.

We use cookies to give you the best possible experience. Learn more