| Saturday, 27th July 2019, 12:44 pm

മുംബൈയില്‍ വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങി; 700 ഓളം യാത്രക്കാക്കാരുണ്ടെന്ന് റെയില്‍വേ, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയില്‍ കനത്തമഴയെ തുടര്‍ന്നുള്ള വെള്ളപ്പൊക്കത്തില്‍ മഹാലക്ഷ്മി എക്സ്പ്രസ് കുടുങ്ങി. മുംബൈ കോലാപൂര്‍ മഹാലക്ഷ്മി എക്‌സ്പ്രസാണ് ബദ്‌ലാപൂരിനും വാന്‍ഗനിക്കുമിടയില്‍ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കുടുങ്ങിയത്.

ട്രെയിനില്‍ 700 ഓളം യാത്രക്കാരുണ്ടെന്നാണ് റെയില്‍വേ അറിയിച്ചത്. ഇവരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബോഗികളില്‍ വെളളം കയറുന്ന സ്ഥിതിയിലാണ് ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

രക്ഷാപ്രവര്‍ത്തനത്തിന് ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നേതൃത്വം നല്‍കി വരുന്നുണ്ട്. യാത്രക്കാരെ എയര്‍ലിഫ്റ്റിങ് വഴി രക്ഷിക്കാനും നീക്കം നടക്കുന്നുണ്ട്. അതേസമയം ട്രെയിനില്‍ 2000 ഓളം യാത്രക്കാരുണ്ടെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞദിവസങ്ങളില്‍ സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. മുംബൈ നഗരം വെള്ളത്തില്‍ മുങ്ങി. സയണ്‍, കുര്‍ള, ദാദര്‍ എന്നിവിടങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.

മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള ഏഴ് വിമാനങ്ങള്‍ റദ്ദാക്കിയിട്ടുണ്ട്. പത്തോളം വിമാനങ്ങള്‍ വഴിതരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. പൂനെ, മുംബൈ, താനെ, പാല്‍ഘര്‍ എന്നിവടങ്ങളില്‍ ഇന്നും കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

We use cookies to give you the best possible experience. Learn more