കോഴിക്കോട്: ഭക്ഷണത്തിന്റെ പേരില്‍ ഭിന്നത സൃഷ്ടിക്കുന്നതിനെതിരെ മഹല്ല് ജമാഅത്ത് കൗണ്‍സില്‍. കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ടി.എ. റഹീമിന്റെ നേതൃത്വത്തില്‍ പാരഗണ്‍ ഹോട്ടലില്‍ ഉച്ചഭക്ഷണം കഴിച്ച് സൗഹൃദ കൂടികാഴ്ച്ച നടത്തി.
വൃത്തിയും ശുദ്ധിയുമുള്ള ഭക്ഷണം ആരു പാകം ചെയ്താലും അത് ഹലാലാണെന്ന് പി.ടി.എം. റഹീം പറഞ്ഞു. അനുവദനീയം എന്നാണ് ഹലാല്‍ എന്നതിന്റെ അര്‍ത്ഥമെന്നും അദ്ദേഹം പറഞ്ഞു.
ഹലാല്‍, നോണ്‍ ഹലാല്‍ എന്നീ പരാമര്‍ശങ്ങള്‍ നടത്തി ഭക്ഷണത്തിന്റെ പേരില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുകയാണെന്നും ഇത്തരത്തിലുള്ള വര്‍ഗീയത പടര്‍ത്തുന്ന കാര്യങ്ങളെ ചെറുത്തു തോല്‍പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സന്തോഷത്തോടെയും പൊരുത്തത്തോടെയും ലഭിക്കുന്ന ശുദ്ധിയുള്ള ഭക്ഷണമാണ് ഹലാലെന്നും പിടിച്ചു പറിച്ചതും മോഷ്ടിച്ചതും ഹലാല്‍ അല്ലെന്നും പി.ടി.എ. റഹീം പറഞ്ഞു.
എം.ജെ.സി ജനറല്‍ സെക്രട്ടറി പി.കെ.എ. കരീം, സെക്രട്ടറി ഷബീര്‍ ചെറുവാടി, ഹജ്ജ് കമ്മിറ്റി മെമ്പര്‍ മുഹമ്മദ് കാസിം കോയ പൊന്നാനി, അഡ്വ. പി.കെ. മുഹമ്മദ് പുഴക്കര തുടങ്ങിയവരും കൂടികാഴ്ച്ചയുടെ ഭാഗമായിരുന്നു.
അതേസമയം, ഹലാല്‍ എന്ന പേരില്‍ തുപ്പിയ ഭക്ഷണമാണ് വിളമ്പുന്നതെന്നും, അതുകൊണ്ട് ഹലാല്‍ സര്‍ട്ടിഫൈഡ് ഹോട്ടലുകളില്‍ നിന്നും ഭക്ഷണം കഴിക്കരുത് എന്നുമാണ് സംഘപരിവാര്‍ പ്രചാരണം നടത്തുന്നത്.
സംഘപരിവാര്‍ പ്രചരണങ്ങള്‍ക്കെതിരെ സി.പി.ഐ.എം- കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.