|

കുംഭമേള; തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി റിപ്പോർട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പ്രയാഗ്‌രാജ്: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് 15 ഓളം പേർ മരണപ്പെട്ടതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്. രണ്ടാം  സ്‌നാന ദിനമായ മൗനി അമാവാസിയോടനുബന്ധിച്ച് പതിനായിരക്കണക്കിന് ആളുകൾ ത്രിവേണി സംഗമത്തിൽ തടിച്ചുകൂടിയതോടെ അവിടെ നിർമിച്ചിരുന്ന ബാരിക്കേഡ് തകർന്നതാണ് അപകടത്തിന് കാരണം.

ഏകദേശം പതിനഞ്ചോളം മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ടെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. മരിച്ചവരുടെ കൃത്യമായ എണ്ണം ഇനിയും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല. പരിക്കേറ്റവരുടെ എണ്ണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, സംഭവത്തിൽ 30 മുതൽ 40 വരെ ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടാകാമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

അതിനിടെ, സംഗമത്തിൽ തിക്കിലും തിരക്കിലും പെട്ട് നിരവധി ഭക്തർക്ക് പരിക്കേറ്റതിനെ തുടർന്ന് ഇന്ന് (ജനുവരി 29 ) നടത്താനിരുന്ന അമൃത് സ്നാൻ അഖാരകൾ നിർത്തിവെച്ചതായി അഖാര പരിഷത്ത് (കൗൺസിൽ) അറിയിച്ചു. പരിക്കേറ്റവരെ കുംഭ മേളയിലെ സെക്ടർ രണ്ടിലെ താത്കാലിക ആശുപത്രിയിലേക്ക് മാറ്റി.

അടിയന്തര സഹായ നടപടികൾ ഉടനടി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി സ്ഥിതിഗതികൾ സംസാരിക്കുകയും സംഭവവികാസങ്ങൾ അവലോകനം ചെയ്യുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച മൗനി അമാവാസി ദിനത്തിൽ 10 കോടിയിലധികം ഭക്തർ പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ പുണ്യസ്നാനം ചെയ്യുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ഗംഗയിൽ പുണ്യസ്നാനം ചെയ്യാൻ ഭക്തർക്ക് ഏറ്റവും അനുകൂലമായ ദിവസമായാണ് മൗനി അമാവാസി അറിയപ്പെടുന്നത്.

മഹാ കുംഭത്തോട് അനുബന്ധിച്ചുള്ള മൗനി അമാവാസി, മോക്ഷവും സമാധാനവും നൽകുമെന്ന് വിശ്വസിക്കുന്ന ഹിന്ദുക്കൾ ഇത് ഒരു ശുഭ മുഹൂർത്തമായി കണക്കാക്കപ്പെടുന്നു. ത്രിവേണി സംഗമത്തിൽ അനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്തർ മൗനവ്രതം, ഉപവാസം, പിതൃപൂജ എന്നിവ ചെയ്യും.

ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമം  ഹിന്ദുക്കൾ ഏറ്റവും പവിത്രമായി കണക്കാക്കുന്നു, മഹാകുംഭസമയത്തും പ്രത്യേകിച്ച് മൗനി അമാവാസി പോലുള്ള പ്രത്യേക സ്നാന തീയതികളിലും അതിൽ മുങ്ങിക്കുളിക്കുന്നത് ആളുകളുടെ പാപങ്ങളെ കഴുകി മോക്ഷം പ്രദാനം ചെയ്യുമെന്ന് വിശ്വസിക്കുന്നു.

Content Highlight: Mahakumbh 2025: Stampede at Sangam on Mauni Amavasya; 15 feared dead