ആദ്യ ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോ ചിത്രമെത്തുന്നു; ടൈറ്റിലുമായി പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സ്‌
Cinema
ആദ്യ ഇന്ത്യന്‍ വനിതാ സൂപ്പര്‍ ഹീറോ ചിത്രമെത്തുന്നു; ടൈറ്റിലുമായി പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സ്‌
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th October 2024, 11:42 am

ഹനുമാന്‍ എന്ന ചിത്രത്തിലൂടെ പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്സ് സൃഷ്ടിച്ച സംവിധായകന്‍ പ്രശാന്ത് വര്‍മയുടെ രചനയില്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. ‘മഹാകാളി’ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ഇന്ത്യന്‍ സിനിമയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നു.

പ്രശാന്ത് വര്‍മ സിനിമാറ്റിക് യൂണിവേഴ്‌സിലെ മൂന്നാം ചിത്രമായി ഒരുക്കുന്ന ‘മഹാകാളി’ സംവിധാനം ചെയ്യുന്നത് പൂജ അപര്‍ണ്ണ കൊല്ലുരുവാണ്. ആര്‍.കെ.ഡി. സ്റ്റുഡിയോയുടെ ബാനറില്‍ റിവാസ് രമേശ് ദുഗ്ഗല്‍ നിര്‍മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആര്‍.കെ. ദുഗ്ഗലാണ്.

ആത്മീയതയും പുരാണവും സമകാലിക പ്രശ്‌നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ് ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ചിത്രമായി ‘മഹാകാളി’ ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ സ്റ്റീരിയോടൈപ്പുകള്‍ തകര്‍ത്ത് കൊണ്ട്, ഈ ശക്തമായ സാമൂഹിക പ്രസക്തിയുള്ള ചിത്രത്തിലൂടെ കറുത്ത നിറമുള്ള ഒരു നായികയെ സൂപ്പര്‍ഹീറോ മഹാകാളി ആയി അവതരിപ്പിക്കുകയാണ്.

ബംഗാളിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കുന്നത്. ഒരു പെണ്‍കുട്ടി കടുവയുടെ തലയില്‍ സൗമ്യമായി സ്പര്‍ശിക്കുന്ന ദൃശ്യമാണ് ചിത്രത്തിന്റെ പോസ്റ്ററിലുള്ളത്. ബംഗാളി ഫോണ്ടില്‍ രൂപകല്‍പ്പന ചെയ്ത ടൈറ്റില്‍ പോസ്റ്ററിന്റെ മധ്യത്തില്‍ വജ്രം പോലെ എന്തോ തിളങ്ങുന്നത് കാണാം. പശ്ചാത്തലത്തില്‍, കുടിലുകളും കടകളും ദൃശ്യമാണ്. ആളുകള്‍ പരിഭ്രാന്തരായി പലായനം ചെയ്യുന്നതും ഒരു ഫെറിസ് വീല്‍ തീ പിടിച്ചിരിക്കുന്നതും പോസ്റ്ററില്‍ കാണാം.

ഇന്ത്യന്‍, വിദേശ ഭാഷകളില്‍ ഐമാക്‌സ് ത്രീ.ഡി ഫോര്‍മാറ്റിലാകും ചിത്രം പുറത്തു വരിക. രചന – പ്രശാന്ത് വര്‍മ, സംഗീതം – സ്മാരന്‍ സായ്, ക്രിയേറ്റീവ് ഡയറക്ടര്‍ – സ്‌നേഹ സമീറ, തിരക്കഥാകൃത്ത് – സ്‌ക്രിപ്റ്റ്‌സ് വില്ലെ , പ്രൊഡക്ഷന്‍ ഡിസൈനര്‍ – ശ്രീ നാഗേന്ദ്ര തംഗല, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ – വെങ്കട് കുമാര്‍ ജെട്ടി, പബ്ലിസിറ്റി ഡിസൈനര്‍ – അനന്ത് കാഞ്ചര്‍ല, പി.ആര്‍.ഒ.- ശബരി .

Content Highlight: Mahakali, First Indian Female Superhero Film