| Monday, 17th February 2020, 3:16 pm

ബീഹാറില്‍ മഹാസഖ്യത്തില്‍ കല്ലുകടിയോ?; ആര് നയിക്കും; തര്‍ക്കം അവസാനിക്കുന്നില്ല; ഇനിയെന്ത്?

ഡൂള്‍ന്യൂസ് ഡെസ്‌ക്

2020 അവസാനം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് വിവിധ പാര്‍ട്ടികള്‍. അതേസമയം ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യത്തിന് ഇത്തവണ നേട്ടം കൈവരിക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ എതിര്‍ക്കുന്നതിനായി തുന്നിച്ചേര്‍ന്ന സഖ്യത്തിലെ കക്ഷികളില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും ഇത്തവണ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഷലിക്കുമെന്നാണ് ഉയരുന്ന ആശങ്ക. സഖ്യത്തില്‍ പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പുറത്തുവിടുന്നത്.

ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മഹാസഖ്യത്തില്‍നിന്നും പിന്മാറിയേക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവായ അജയ് കപൂര്‍ ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പറഞ്ഞിരുന്നു.

സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണക്കാരെന്ന് പറയപ്പെടുന്ന ആര്‍.ജെ.ഡിയുമായി മത്സരിക്കരുതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനാല്‍ ഒറ്റക്ക് മത്സരിക്കുകയാണ് വേണ്ടതെന്ന് അജയ് കപൂര്‍ ജില്ലാ അദ്ധ്യക്ഷന്‍മാരെ ഉപദേശിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അജയ് കപൂര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മഹാസഖ്യത്തിലുള്ള ആര്‍.എല്‍.എസ്.പിയും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവം മോര്‍ച്ചയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡിയെയും ഒഴിവാക്കി യോഗം ചേര്‍ന്നിരുന്നു. മഹാസഖ്യത്തെ ശരദ് യാദവ് നയിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ നീക്കവും സൂക്ഷ്മതയോടെ ശ്രദ്ധിക്കാനുള്ള തീരുമാനത്തിലാണ് പ്രധാന കക്ഷികള്‍.

എന്നാല്‍ തേജസ്വി യാദവായിരിക്കും മഹാസഖ്യത്തെ നയിക്കുകയെന്നാണ് ആര്‍.ജെ.ഡി മുന്നോട്ടുവക്കുന്ന തീരുമാനം. ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറനെ ഉയര്‍ത്തിക്കൊണ്ടുവന്നതുപോലെ ബീഹാറില്‍ തേജസ്വി യാദവിനെ തെരഞ്ഞെടുപ്പിന്റെ മുഖമാക്കാനാണ് ആര്‍.ജെ.ഡിയുടെ നീക്കം. തേജസ്വി തന്നെയായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്നും ആര്‍.ജെ.ഡി നേതാക്കള്‍ വ്യക്തമാക്കിക്കഴിഞ്ഞു.

ലാലു പ്രസാദിന്റെ അസാന്നിധ്യത്തില്‍ സഖ്യത്തെ നയിക്കാന്‍ പ്രാപ്തമായ നേതാവിന്റെ അഭാവം നിലനില്‍ക്കുന്നുണ്ടെന്ന അനുമാനത്തിലാണ് ഭൂരിഭാഗവും.

തെരഞ്ഞെടുപ്പ് പ്രചരണത്തിലേക്ക് പ്രശാന്ത് കിഷോറിനെ ഇറക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. ആര്‍.ജെ.ഡിയില്‍നിന്നും പുറത്താക്കപ്പെട്ടതോടെ പാര്‍ട്ടിയുള്‍പ്പെട്ട സഖ്യത്തിന് പിന്തുണയുമായി പ്രശാന്ത് കിഷോര്‍ വരുന്നതില്‍ ചിലര്‍ക്ക് വിയോജിപ്പുമുണ്ട്.

അതേസമയം പ്രശാന്ത് കിഷോറിനെ തങ്ങളിലേക്കടുപ്പിക്കാനുള്ള നീക്കങ്ങള്‍ കോണ്‍ഗ്രസിനുള്ളില്‍ നടക്കുന്നുമുണ്ട്. 2015ലെ തെരഞ്ഞെടുപ്പില്‍ മഹാ സഖ്യത്തിനുവേണ്ടി കിഷോര്‍ പ്രവര്‍ത്തിച്ചിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more