2020 അവസാനം നടക്കാനിരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് വിവിധ പാര്‍ട്ടികള്‍. അതേസമയം ആര്‍.ജെ.ഡിയും കോണ്‍ഗ്രസും ഉള്‍പ്പടെ അഞ്ച് കക്ഷികള്‍ ചേര്‍ന്നുള്ള മഹാസഖ്യത്തിന് ഇത്തവണ നേട്ടം കൈവരിക്കാനാവുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള എന്‍.ഡി.എയെ എതിര്‍ക്കുന്നതിനായി തുന്നിച്ചേര്‍ന്ന സഖ്യത്തിലെ കക്ഷികളില്‍ അന്തര്‍ലീനമായ വൈരുദ്ധ്യങ്ങളും ഉടലെടുത്തിട്ടുള്ള രാഷ്ട്രീയ തര്‍ക്കങ്ങളും ഇത്തവണ തെരഞ്ഞെടുപ്പില്‍ എങ്ങനെ പ്രതിഷലിക്കുമെന്നാണ് ഉയരുന്ന ആശങ്ക. സഖ്യത്തില്‍ പ്രതീക്ഷവെച്ചിട്ട് കാര്യമില്ലെന്ന സൂചനകളാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പുറത്തുവിടുന്നത്.
ബീഹാറില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കുമെന്ന സൂചന നല്‍കി മഹാസഖ്യത്തില്‍നിന്നും പിന്മാറിയേക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവായ അജയ് കപൂര്‍ ദല്‍ഹി തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പറഞ്ഞിരുന്നു.
സംസ്ഥാനത്തിന്റെ പിന്നോക്കാവസ്ഥക്ക് കാരണക്കാരെന്ന് പറയപ്പെടുന്ന ആര്‍.ജെ.ഡിയുമായി മത്സരിക്കരുതെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതെന്നും അതിനാല്‍ ഒറ്റക്ക് മത്സരിക്കുകയാണ് വേണ്ടതെന്ന് അജയ് കപൂര്‍ ജില്ലാ അദ്ധ്യക്ഷന്‍മാരെ ഉപദേശിച്ചുവെന്ന് പാര്‍ട്ടി വൃത്തങ്ങളിലുള്ളവര്‍ പറയുന്നു. കോണ്‍ഗ്രസ് എല്ലാ സീറ്റുകളിലും മത്സരിക്കാവുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടത്തുന്നതെന്ന് അജയ് കപൂര്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
മഹാസഖ്യത്തിലുള്ള ആര്‍.എല്‍.എസ്.പിയും വികശീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും ഹിന്ദുസ്ഥാനി അവം മോര്‍ച്ചയും കഴിഞ്ഞ ദിവസം കോണ്‍ഗ്രസിനെയും ആര്‍.ജെ.ഡിയെയും ഒഴിവാക്കി യോഗം ചേര്‍ന്നിരുന്നു. മഹാസഖ്യത്തെ ശരദ് യാദവ് നയിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. ഈ നീക്കവും സൂക്ഷ്മതയോടെ ശ്രദ്ധിക്കാനുള്ള തീരുമാനത്തിലാണ് പ്രധാന കക്ഷികള്‍.