ബീഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം; അധികാരത്തിലെത്തിയാല്‍ കാര്‍ഷിക നിയമം എടുത്തുകളയും
India
ബീഹാറില്‍ പ്രകടന പത്രിക പുറത്തിറക്കി മഹാസഖ്യം; അധികാരത്തിലെത്തിയാല്‍ കാര്‍ഷിക നിയമം എടുത്തുകളയും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th October 2020, 12:03 pm

പട്‌ന: ഒക്ടോബര്‍,നവംബര്‍ മാസങ്ങളില്‍ നടക്കാനിരിക്കുന്ന സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറങ്ങി മഹാഗദ്ബന്ധന്‍. കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി), ഇടത് സഖ്യമാണ് ശനിയാഴ്ച രാവിലെ പ്രകടന പത്രിക പുറത്തിറക്കിയത്.

തെരഞ്ഞെടുപ്പില്‍ വിജയിച്ച് അധികാരത്തിലെത്തിയാല്‍ കേന്ദ്രം പാസ്സാക്കിയ മൂന്ന് കാര്‍ഷിക വിരുദ്ധ നിയമങ്ങളും റദ്ദാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു.

ബി.ജെ.പിക്കെതിരെയും അദ്ദേഹം രൂക്ഷപരിഹാസവുമായി രംഗത്തെത്തി. മൂന്ന് സഖ്യങ്ങളിലാണ് ബി.ജെ.പി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

ഒന്ന് ജനതാ ദളുമായി (യുണൈറ്റഡ്) ചേര്‍ന്ന്, അത് ജനങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും, മറ്റൊന്ന് ലോക് ജനശക്തി പാര്‍ട്ടിയുമായി (എല്‍.ജെ.പി) അതും ആളുകള്‍ മനസ്സിലാക്കിയിട്ടുണ്ട്. മൂന്നാമത്തേത് ”ഒവൈസി സാഹിബിനൊപ്പം”, എന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.

സംസ്ഥാനത്ത് പ്രളയബാധിതരായവരെ കാണാനോ അവരുടെ ക്ഷേമം അന്വേഷിക്കാനോ ബി.ജെ.പി കേന്ദ്ര നേതൃത്വത്തിലുള്ള ആരും എത്തിയില്ലെന്നും തേജസ്വി യാദവ് പറഞ്ഞു.

എല്ലാവരും കസേര പിടിക്കാനുള്ള ഓട്ടത്തിന്റെ തിരക്കിലാണെന്ന് തോന്നുന്നു. തങ്ങളുടെ ജോലി സേവനമാണെന്ന് വലിയ വായില്‍ പലരും സംസാരിക്കുന്നു, എന്നാല്‍ ചെയ്യുന്നതെന്താണ്, അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് അവര്‍, തേജസ്വി യാദവ് പറഞ്ഞു.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മസ്‌കൂര്‍ ഉസ്മാനിക്കെതിരെ ബി.ജെ.പി നേതാവ് ഗിരിരാജ് സിങ്ങ് ഉന്നയിച്ച ആരോപണങ്ങള്‍ക്കെതിരെയും സുര്‍ജേവാല രംഗത്തെത്തി.

യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനായി വിദ്വേഷ ഫാക്ടറിയില്‍ നിന്നും ബി.ജെ.പി വിവാദങ്ങള്‍ സൃഷ്ടിച്ചെടുക്കുകയാണെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.

ഒക്ടോബര്‍ 28 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ 243 സീറ്റുകളിലായി മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പട്ടിക ഈ ആഴ്ച മഹാഗദ്ബന്ധന്‍ സഖ്യം പുറത്തുവിട്ടിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahagathbandhan releases Bihar polls manifesto, promise to scrap ‘anti-farm laws’