|

രാം വിലാസ് പാസ്വാന്റെ സീറ്റില്‍ ഭാര്യ മത്സരിച്ചാല്‍ എല്‍.ജെ.പിയെ പിന്തുണയ്ക്കും; രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ തന്ത്രവുമായി മഹാസഖ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാട്‌ന: ബീഹാര്‍ രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ മഹാസഖ്യത്തിന്റെ നീക്കം. എല്‍.ജെ.പി ഉപതെരഞ്ഞെടുപ്പിനായി രാം വിലാസ് പാസ്വാന്റെ ഭാര്യ റീനാ പാസ്വാനെ മത്സരിപ്പിക്കുകയാണെങ്കില്‍ പിന്തുണയ്ക്കാനാണ് മഹസഖ്യത്തിന്റെ നീക്കം.

രാം വിലാസ് പാസ്വാന്റെ മരണത്തോടെയാണ് ബീഹാറില്‍ രാജ്യസഭാ സീറ്റ് ഒഴിവ് വന്നത്. ഡിസംബര്‍ 14 നാണ് തെരഞ്ഞെടുപ്പ്.

റീന മത്സരിക്കുകയാണെങ്കില്‍ മഹാസഖ്യത്തെ നയിക്കുന്ന ആര്‍.ജെ.ഡി പിന്തുണ നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം എല്‍.ജെ.പി അധ്യക്ഷനും രാം വിലാസ് പാസ്വാന്റെ മകനുമായ ചിരാഗ് പാസ്വാന്‍ അമ്മയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയാണ് രാജ്യസഭാ ഉപതെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുന്നത്. നേരത്തെ പുതിയ ബീഹാര്‍ മന്ത്രിസഭയിലേക്കുള്ള ഓഫര്‍ സുശീല്‍ കുമാര്‍ മോദി നിരസിച്ചിരുന്നു.

2018 ല്‍ രവിശങ്കര്‍ പ്രസാദായിരുന്നു ബീഹാറില്‍ നിന്ന് രാജ്യസഭയിലെത്തിയത്. എന്നാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ച രവിശങ്കര്‍ പ്രസാദിന് പകരമാണ് രാം വിലാസ് പാസ്വാന്‍ എം.പിയായത്.

243 അംഗ നിയമസഭയില്‍ എന്‍.ഡി.എയ്ക്ക് 125 അംഗങ്ങളാണുള്ളത്. മഹാസഖ്യത്തിന് 110 സീറ്റാണ് ലഭിച്ചത്.

മഹാസഖ്യത്തിലെ ആര്‍.ജെ.ഡിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 75 സീറ്റാണ് ആര്‍.ജെ.ഡിയ്ക്ക് ലഭിച്ചത്.

കോണ്‍ഗ്രസിന് 19 സീറ്റും ലഭിച്ചു. ഇടത് പാര്‍ട്ടികളായ സി.പി.ഐ.എം.എല്‍ (12), സി.പി.ഐ.എം (2), സി.പി.ഐ (2) സീറ്റുകളില്‍ ജയിച്ചു.

ജെ.ഡി.യുവിന് 43 സീറ്റാണ് ലഭിച്ചിരുന്നത്. 74 സീറ്റിലാണ് ബി.ജെ.പി ജയിച്ചത്.

എന്‍.ഡി.എയിലെ മറ്റ് കക്ഷികളായ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടിയും നാല് വീതം സീറ്റുകളില്‍ വിജയിച്ചു.

എ.ഐ.എം.ഐ.എം 5 ഉം ബി.എസ്.പി ഒന്നും സീറ്റില്‍ വിജയിച്ചു. ഒറ്റയ്ക്ക് മത്സരിച്ച എല്‍.ജെ.പിയ്ക്കും ഒരു സ്വതന്ത്രനുമാണ് ശേഷിച്ച സീറ്റ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mahagathbandhan ready to back Reena Paswan to take on Sushil Modi if LJP fields her